പാലക് ചീര
ഒട്ടനവധി ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഇല വർഗ്ഗ സസ്യം ആണ് പാലക് ചീര. കേരളത്തിൽ നന്നായി വളരുമെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നതായോ കൃഷി ചെയ്യുന്നതായോ കാണുന്നില്ല..
നല്ല മഴ പെയ്യുന്ന സാഹചര്യം ഒഴികെ ഏത് കാലത്തും കൃഷിചെയ്യാൻ സാധിക്കുന്ന ഒരു വിള ആണ് പാലക്. പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ് പാലക്കിന്റെ സ്‌ഥാനം.
ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇതിന്റെ ഇലകൾ സഹായിക്കും. ഉയർന്ന തോതിൽ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം കൂടാതെ , വിറ്റാമിന്‍ എ, സി എന്നിവയുടെ നല്ലൊരു കലവറ കൂടി ആണ് ഈ ചീര.
പരിപ്പിന്റെ കൂടെ ചേർത്ത് കറി തയ്യാറാക്കുവാനും, പാലക് പനീർ തുടങ്ങിയിട്ടുള്ള ഒട്ടേറെ ഉത്തരേന്ത്യൻ കറികൾ തയ്യാറാക്കുവാനും ഇലകൾ ഉപയോഗിക്കാം. ഇതിന്റെ രുചി ഇഷ്ടപ്പെടാത്തവർക്ക് വേവിച്ച് അരച്ച് ചപ്പാത്തി തയ്യാറാക്കുമ്പോൾ ആട്ടയുടെ കൂടെ ചേർത്ത് കുഴച്ച് പോഷക സമ്പന്നവും നല്ല പച്ച നിറമുള്ള ചപ്പാത്തി തയ്യാറാക്കാം. ഒട്ടേറെ ബേക്കറി ഐറ്റങ്ങളിൽ പച്ച നിറം നൽകുവാനും പാലക് ഉപയോഗിക്കുന്നു.
കൃഷിരീതി:
അഞ്ച് മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് ശേഷം വിത്തുകൾ പാകാം . . കൃഷിക്ക് ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങൾ ആണ് നല്ലത്. ശരിയായ ജലസേചനം അത്യാവശ്യമായ ഒരു വിള ആണിത്. അമ്ലത കുറഞ്ഞതും ജൈവാംശം നല്ലതുപോലെ ഉള്ള മണ്ണാണ് കൂടുതല്‍ അനുയോജ്യം. തവാരണകള്‍ എടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് നന്നായി കിളച്ച് വിത്തുകള്‍ പാകാം. ഗ്രോബാഗിലും നല്ലത് പോലെ വളരുന്നതാണ്.
20 സെ.മീ അകലം പാലിച്ച് വിത്ത് നടാം . ഗ്രോബാഗിൽ ആണെങ്കിൽ അഞ്ച് തൈകൾ വീതവും നടാം. ആവശ്യമെങ്കിൽ തൈകൾ മുളപ്പിച്ച് ഇരുപത് ദിവസത്തിന് ശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം. വേനലില്‍ നട്ട തൈകള്‍ക്ക് ആദ്യത്തെ ഒരാഴ്ച വരെ തണല്‍ നല്‍കുന്നതും നല്ലത് പോലെ നനയ്‌ക്കേണ്ടതും അത്യാവശ്യമാണ്.
No comments:
Post a Comment