Tuesday, November 10, 2020

3 G കട്ടിങ്

3 G കട്ടിങ് 

വെള്ളരി വർഗ്ഗ വിളകളിൽ വിളവ് വർദ്ധിപ്പിക്കാൻ സമീപകാലത്തായി വളരെ പ്രചാരം നേടിയ ഒരു മാർഗ്ഗമാണ് 3 ജി കട്ടിങ് എന്ന രീതി.

വടക്കേ ഇന്ത്യയിൽ ചുരക്ക കൃഷിയിൽ ആണ് ഈ രീതി  വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഈ രീതി കുമ്പളം, മത്തൻ , പീച്ചിൽ, പാവൽ എന്നിവയിലും ഗുണപ്രദം ആണെന്ന് കാണുന്നു.

വിത്ത് നട്ട് വളർന്ന് വരുന്ന വള്ളിയെ ആദ്യ ജനറേഷൻ (1 G )എന്നും ഇതിൽ നിന്നും വരുന്ന ശാഖകളെ രണ്ടാം ജനറേഷൻ ( 2 G ) എന്നും, രണ്ടാമത്തെ തലപ്പിൽ നിന്നും  പിന്നീട് വരുന്ന പുതിയ ശാഖകളെ  മൂന്നാം ജനറേഷൻ ( 3 G ) എന്നും വിളിക്കുന്നു.

ആദ്യം ഉണ്ടാകുന്ന പ്രധാന വള്ളിയിൽ ആൺ പെൺ പൂക്കൾ ഉണ്ടാകുന്ന ശതമാനം 14  : 1 ആണെന്നാണ് കണക്ക്. എന്നാൽ മൂന്നാമതായി വരുന്ന ശാഖയിൽ ഭൂരിപക്ഷവും പെൺപൂക്കൾ ആയിരിക്കും. 

പ്രത്യേക രീതിയിൽ തലപ്പ് നുള്ളിക്കളഞ്ഞ് കൂടുതൽ വിളവ് ലഭ്യമാക്കുന്ന രീതിയാണ് 3 G കട്ടിങ് രീതി.

ഗുണങ്ങൾ:

1.കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ്.

2.കരുത്തുള്ള ചെടികൾ കൂടുതൽ വിളവ് നൽകും.

3.ചെടികളെ സംരക്ഷിക്കാൻ കൂടുതൽ സൗകര്യപ്രദം .

രീതി:

വിത്ത് മുളച്ച് വരുന്ന വള്ളിയിൽ ഏകദേശം പത്ത് ഇലകൾ / മൂന്നടി യെങ്കിലും  വളരുന്നത് വരെ ശാഖകൾ വരാതെ നോക്കേണ്ടതുണ്ട്. മൂന്നടിഎങ്കിലും വളർന്ന് കഴിഞ്ഞാൽ ഇവയുടെ തലപ്പ് നുള്ളിക്കളഞ്ഞ് പുതിയ ശാഖകൾ വളരാൻ അനുവദിക്കുക. 

 ചെടിയുടെ ആദ്യ ആറ് ഇലകൾക്കിടയിൽ വരുന്ന  ശാഖകൾ വളരാൻ അനുവദിക്കരുത്.

ചെടിയുടെ തലപ്പിൽ വളരുന്ന ശാഖകൾ മാത്രം വളരാൻ അനുവദിക്കുക.

 ഇവ മൂന്നടിയോ  ( ഏകദേശം ആറിലകളോ ) വളർന്നാൽ ഇവയുടെ തലപ്പുകളും നുള്ളിക്കളയുന്നു. (2ജി )

ഇതിൽ പിന്നീട് വരുന്ന ശാഖകളിൽ ഒന്ന് മാത്രം  വളരാൻ അനുവദിച്ച് ബാക്കിയുള്ള ശാഖകൾ ആറ് ഇലകളെങ്കിലും വരുമ്പോൾ  അവയുടെയും തലപ്പുകൾ നുള്ളിക്കളയുന്നു. ഇവയിൽ നിന്നും യഥേഷ്ട്ടം ശാഖകൾ വളരുന്നതാണ്. ഇതോടെ 3 G കട്ടിങ് രീതി പൂർത്തിയാകുന്നു.

 ആവശ്യത്തിന് ആൺപൂക്കൾ കൂടി ലഭിക്കാനാണ്  3 ജി ഘട്ടത്തിൽ ഓരോ തലപ്പുകൾ നുള്ളാതെ ഒഴിവാക്കുന്നത്.

ഇത്തരത്തിൽ ചെയ്യുന്നതോടെ കൂടുതൽ പെൺപൂക്കൾ വിരിയാനും, കൂടുതൽ വിളവ് ലഭിക്കാനും സാധിക്കുന്നു.

ശ്രദധിക്കെണ്ട കാര്യങ്ങൾ:

1. നല്ല വെയിൽ ലഭിക്കുന്നെണ്ടെന്ന് ഉറപ്പാക്കുക.

2. നല്ല കായ്ഫലം ലഭിക്കാനും ചെടിയുടെ ത്വരിത വളർച്ചയ്‌ക്കും ആവശ്യമായ വളം ചെടിക്ക് ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തുക.

3. ശരിയായ പരാഗണം നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

തേനീച്ചകൾ/ പൂവണ്ടുകൾ എന്നിവ കുറവാണ് എന്ന് ഉണ്ടെങ്കിൽ കൈകൾ കൊണ്ട് പരാഗണം നടത്തുക.

Tuesday, November 3, 2020

പാലക് ചീര

 പാലക് ചീര 

ഒട്ടനവധി ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഇല വർഗ്ഗ സസ്യം ആണ് പാലക് ചീര.  കേരളത്തിൽ നന്നായി വളരുമെങ്കിലും  വ്യാപകമായി ഉപയോഗിക്കുന്നതായോ  കൃഷി ചെയ്യുന്നതായോ  കാണുന്നില്ല.. 

നല്ല മഴ പെയ്യുന്ന സാഹചര്യം ഒഴികെ ഏത് കാലത്തും  കൃഷിചെയ്യാൻ സാധിക്കുന്ന ഒരു വിള ആണ് പാലക്.  പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. 

ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും   ഇതിന്റെ ഇലകൾ സഹായിക്കും. ഉയർന്ന തോതിൽ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം കൂടാതെ , വിറ്റാമിന്‍ എ, സി എന്നിവയുടെ  നല്ലൊരു കലവറ കൂടി ആണ്  ഈ ചീര. 

പരിപ്പിന്റെ കൂടെ ചേർത്ത് കറി തയ്യാറാക്കുവാനും, പാലക് പനീർ തുടങ്ങിയിട്ടുള്ള  ഒട്ടേറെ ഉത്തരേന്ത്യൻ കറികൾ തയ്യാറാക്കുവാനും ഇലകൾ ഉപയോഗിക്കാം. ഇതിന്റെ രുചി ഇഷ്ടപ്പെടാത്തവർക്ക്  വേവിച്ച് അരച്ച് ചപ്പാത്തി  തയ്യാറാക്കുമ്പോൾ ആട്ടയുടെ കൂടെ ചേർത്ത് കുഴച്ച്   പോഷക സമ്പന്നവും നല്ല പച്ച നിറമുള്ള  ചപ്പാത്തി തയ്യാറാക്കാം. ഒട്ടേറെ ബേക്കറി ഐറ്റങ്ങളിൽ പച്ച നിറം നൽകുവാനും പാലക് ഉപയോഗിക്കുന്നു.

കൃഷിരീതി:

 അഞ്ച് മണിക്കൂറെങ്കിലും  വെള്ളത്തില്‍ കുതിര്‍ത്ത് ശേഷം വിത്തുകൾ പാകാം . . കൃഷിക്ക് ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങൾ ആണ് നല്ലത്.  ശരിയായ ജലസേചനം അത്യാവശ്യമായ ഒരു വിള ആണിത്. അമ്ലത കുറഞ്ഞതും ജൈവാംശം നല്ലതുപോലെ ഉള്ള  മണ്ണാണ് കൂടുതല്‍ അനുയോജ്യം. തവാരണകള്‍ എടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് നന്നായി കിളച്ച് വിത്തുകള്‍ പാകാം.  ഗ്രോബാഗിലും നല്ലത് പോലെ വളരുന്നതാണ്.

20 സെ.മീ അകലം പാലിച്ച്  വിത്ത് നടാം . ഗ്രോബാഗിൽ  ആണെങ്കിൽ അഞ്ച് തൈകൾ  വീതവും നടാം. ആവശ്യമെങ്കിൽ തൈകൾ മുളപ്പിച്ച്   ഇരുപത് ദിവസത്തിന് ശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം. വേനലില്‍ നട്ട തൈകള്‍ക്ക് ആദ്യത്തെ ഒരാഴ്ച വരെ തണല്‍ നല്‍കുന്നതും നല്ലത് പോലെ  നനയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

മുളച്ച് 15-20 ദിവസത്തിന് ശേഷം കലര്‍പ്പില്ലാത്ത കോഴിവളമോ, ചാണകമോ, കമ്പോസ്‌റ്റോ, മേല്‍വളമായി നല്‍കുന്നത് ചെടിയുടെ വളര്‍ച്ചക്ക് നല്ലതാണ്.

 ഇലകളുടെ വിൽപനക്കായി കൃഷിചെയ്യുന്നവർ രണ്ട് മാസത്തിന് ശേഷം ചെടി വേരടക്കം പറിച്ച് കെട്ടുകളായാണ് വില്പന നടത്താറുള്ളത്.എന്നാൽ സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുമ്പോൾ കീഴ്ഭാഗത്തുള്ള വലിപ്പമേറിയ ഇലകൾ മാത്രം ശേഖരിക്കുന്നതാണ് നല്ലത്.
 നട്ട് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം ഇലകൾ ശേഖരിച്ച് തുടങ്ങാം.
തുടര്‍ന്ന് ഓരോ ആഴ്ചയിലും  ഇലകൾ ശേഖരിക്കാവുന്നതാണ്.  ഇത്തരത്തില്‍ മൂന്ന് മാസത്തോളം  വിളവെടുക്കാവുന്നതാണ്. 

 ഓരോ വിളവെടുപ്പിനും  ശേഷം നേർപ്പിച്ച  ചാണകവെള്ളം ചെടിച്ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ് .

.പാലക്കില്‍ രോഗകീടങ്ങളുടെ ഉപദ്രവം വളരെ കുറവാണ്.

Monday, November 2, 2020

ചതുരപ്പയർ

 ചതുരപ്പയർ 

കേരളത്തിൽ കുറെയേറെ വർഷങ്ങളായി അടുക്കളത്തോട്ടത്തിന്റെ ഒരു പ്രധാന ആകർഷണമായി മാറിയ വിള ആണ് ചതുരപ്പയർ. നല്ല ഒരു സുസ്ഥിര കൃഷി ഇനം കൂടിയാണിത്.

മൂന്ന് പ്രധാന ഇനങ്ങൾ ഉണ്ടെങ്കിലും ( സാധാരണ ഇനം,നീളം കൂടിയത്, പർപ്പിൾ ) ഇടത്തരം വലുപ്പമുള്ള  കായകൾ ഉണ്ടാകുന്ന ഇനമാണ് സാധാരണയായി കണ്ടു വരുന്നത്.

 കായയുടെ നാല്  ഭാഗത്തേയ്ക്കും വളരുന്ന  ചിറകുകൾ പോലെയുള്ള  അരികുകൾ ആണ് ഇതിന്റെ പ്രത്യേകത. സാധാ പയറിനേക്കാൾ എട്ട് മടങ്ങു് പ്രോട്ടീൻ ( മാംസ്യം ) അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ് ഇതിനെ ചിലർ "ഇറച്ചി പയർ" എന്ന് വിളിക്കുന്നത്.

ദൈർഘ്യം കുറഞ്ഞ പകൽ ചതുര പയർ പൂക്കാൻ നിര്ബന്ധമാണ്. ഈ ഒരു പ്രകാശസംവേദന സ്വഭാവം കാരണം  ഒക്ടോബർ ,നവംബർ മുതലായ മാസങ്ങളിലാണ് സാധാരണയായി  പൂക്കൾ ഉണ്ടാകുന്നത് .ഏത് സമയം നട്ടാലും ഈ ഒരു സീസണിൽ മാത്രം കായ്ക്കുന്നതിനാലാണ് ചിലർ  "മച്ചി പയർ" എന്നും വിളിക്കുന്നു.

 കായകൾ കൂടാതെ ഇലകൾ ,പൂക്കൾ,കിഴങ്ങ് എന്നിവ ഭക്ഷ്യ യോഗ്യമാണെങ്കിലും കായ മാത്രമാണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുള്ളത്.

നല്ല വിളവ് നൽകുമെങ്കിലും ഇളം കായകൾ മാത്രമാണ് പാചകയോഗ്യം. മൂപ്പ് എത്തുന്നതോടെ നാരുകൾക്ക് കട്ടിയേറും എന്നതിനാൽ  ഇളം കായകൾ  പാചകം ചെയ്‌താൽ  മാത്രമേ സ്വാദ് ഉണ്ടാകുകയുള്ളൂ.

ഇതിന്റെ വിത്ത് മുളക്കാൻ 10 ദിവസം എങ്കിലും വേണ്ടിവരുന്നതാണ്. സാധാരണയായി ജൂലൈ ആഗസ്ത് മാസങ്ങളിൽ നട്ട് കഴിഞ്ഞാൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ കായ ലഭിച്ച് തുടങ്ങും.

ഒരിക്കൽ നട്ട് കഴിഞ്ഞാൽ നാല് അഞ്ച് വർഷം മഴക്കാല ആരംഭത്തോടെ ഇതിന്റെ കിഴങ്ങിൽ നിന്നും തൈകൾ മുളക്കും എന്നുള്ളത് കൊണ്ട് കൂടി ആണ് ഒരു സുസ്ഥിര കൃഷിയായി ചതുരപ്പയറിനെ കണക്കാക്കുന്നത്.

മഴക്കാല ആരംഭത്തോടെ ജൈവ വളങ്ങൾ ചേർത്ത് തടം തയ്യാറാക്കി ഒരു തടത്തിൽ നാല് തൈകൾ വീതവും,ഗ്രോബാഗ് ആണെങ്കിൽ രണ്ട് തൈകളും നടാവുന്നതാണ്.

കീടബാധ വളരെ കുറവാണ് എന്നത് ചതുര പയറിന്റെ മറ്റൊരു പ്രത്യേകത ആണ്. യാതൊരു പരിചരണവും ഇല്ലെങ്കിലും എല്ലാ വർഷവും വിളവ് നൽകുന്നു.  വളപ്രയോഗം നടത്തുന്നതിലൂടെ വിളവും വർദ്ധിപ്പിക്കാം. കൂടാതെ വിളവ് ഇവക്ക് പടരുവാൻ നൽകുന്ന സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു.  നല്ലവണ്ണം പടരാൻ സൗകര്യം ഒരുക്കിയാൽ നല്ല വിളവും ലഭിക്കും.

പ്രോട്ടീൻ കൂടാതെ മറ്റ് മൂലകങ്ങളുടെയും ജീവകങ്ങളുടെയും ഉയർന്ന അളവിലുള്ള  സാന്നിധ്യം , കുറഞ്ഞ പരിചരണം,ഒരിക്കൽ നട്ടാൽ  തുടർന്നുള്ള എല്ലാ വർഷവും വർഷകാലത്തോടെ സ്വയം മുളച്ച് വിളവ് നൽകും എന്നീ പ്രത്യേകതകൾ ചതുര പയറിനെ അടുക്കളത്തോട്ടത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഇനം ആക്കി മാറ്റിയിരിക്കുന്നു.

Sunday, November 1, 2020

 കീടപ്രതിരോധ മാർഗങ്ങൾ 

അടുത്ത കാലത്തായി ജൈവ കൃഷിയിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രണ്ട് കീടങ്ങൾ ആണ് വെള്ളീച്ചയും മുഞ്ഞയും.

 മുഞ്ഞ  അരക്ക് , ഇലപ്പേൻ എന്നൊക്കെ വിളിക്കുന്ന ഇവ പയർ കൃഷിയിലെ പ്രധാന വില്ലൻ ആണ്.ആക്രമണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഇലകള്‍ ചുരുളുകയും പൊഴിഞ്ഞ് പോകുകയും  കറുത്ത പൂപ്പല്‍ വളര്‍ന്ന് ചെടികള്‍ മുരടിക്കുകയും, കായകള്‍  വലുപ്പം വെക്കാതെ വികൃതമാകുകയും പയര്‍കൃഷി നശിച്ച് പോകുകയും ചെയ്യും.

മുഞ്ഞ അതിവേഗം വർദ്ധിക്കാൻ അവസരം ഉണ്ടാക്കുന്നത് മണ്ണിൽ കാണുന്ന ചെറിയ കറുപ്പ്/ ചുകപ്പ് ഉറുമ്പുകൾ ആണ്.മുഞ്ഞ പുറപ്പെടുവിക്കുന്ന സ്രവം ഇത്തരം  ഉറുമ്പിന്റെ ഭക്ഷണം ആണ് .

മുഞ്ഞയെ അകറ്റാൻ പ്രധാനമായും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

ആദ്യം ഇത്തരം ചെറിയ ഉറുമ്പിനെ കൃഷിയിടത്തിൽ നിന്നും  അകറ്റുക.

ഇലകളിൽ കൂട് കെട്ടുന്ന നീർ / വലിയ ചുകന്ന ഉറുമ്പ് ഇത്തരം ദോഷകാരികളായ ഉറുമ്പുകളെ അകറ്റും.

തുടക്കത്തിൽ തന്നെ  കണ്ടെത്തി വെള്ളം കൊണ്ട് ദിവസേന കഴുകിയോ, വെള്ളം ശക്തിയായി സ്പ്രൈ ചെയ്തോ  , ബ്രഷ് കൊണ്ട് തുടച്ചോ ഇവയെ പൂർണ്ണമായും നീക്കം ചെയ്യാം ( ഇവ പൂർണ്ണമായും പോകുന്നത് വരെ ചെയ്യേണ്ടതുണ്ട്.)

കട്ടിയുള്ള പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് തളിച്ച് കൊടുക്കാം.

വെള്ളീച്ച 

ചായ മൻസ

ചായ മൻസ 

Chaya/ Tree Spinach 

വിള പരിചയം 

സമൂഹ മാദ്ധ്യമങ്ങളുടെ വ്യാപനത്തോടെ വളരെയധികം പ്രചാരം ലഭിക്കുകയും അത് പോലെ തന്നെ വളരെയധികം വിവാദങ്ങൾ ഉണ്ടാകുകയും കുറെയേറെ ചർച്ച ചെയ്യപ്പെട്ടതുമായ ഒരു ഇലവർഗ്ഗ സസ്യമാണ് ചായമൻസ .

അമേരിക്കൻ ഭൂഖണ്ഡത്തിലെ പുരാതന മായൻ സംസ്കാരകാലഘട്ടംമുതൽ ഉപയോഗിച്ച് വരുന്നതായും, ആ കാലഘട്ടത്തിൽ അവരുടെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെ വളർത്തിയിരുന്ന ഒരു സസ്യമെന്നാണ് പല ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ളത് .

അതിന്റെ ഇലകളുടെ പ്രത്യേകതകൾ നോക്കാം:

ഉയർന്ന തോതിലുള്ള പൊട്ടാസ്യം,കാൽസ്യം,ഇരുമ്പ് എന്നീ മൂലകങ്ങളുടെ സാന്നിദ്ധ്യം .

വിറ്റമിൻ A, വിറ്റമിൻ സി എന്നിവയും യഥേഷ്ട്ടം അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഇലകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ   രക്ത ചങ്ക്രമണം  മെച്ചപ്പെടുത്തുവാനുള്ള കഴിവുള്ളതായും , കൊളെസ്ട്രോൾ നിയന്ത്രിക്കുവാനും, പ്രമേഹ രോഗികളിൽ ഗുണകരമായ ഫലം നൽകുവാനും, ഓർമ്മ ശക്തി വർദ്ധിപ്പിക്കുവാനുമുള്ള കഴിവ് എന്നിവയും  പ്രകടമായ ഗുണഫലങ്ങൾ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ പോഷക സമ്പന്നമായ ഇലകൾ വിവാദത്തിൽ അകപ്പെടാനുള്ള കാരണം ഈ ഇലകളിൽ ഹൈഡ്രോസയാനിക് ഗ്ലുക്കോസൈഡ് അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ പറയുന്നത് ഈ ഇലകളിൽ സയനൈഡ് അടങ്ങിയിരിക്കുന്നു, ഇത് ആരോഗ്യത്തിന് ഹാനികരം ആണ് എന്നാണ് .

അമേരിക്കൻ ഏജൻസി ആയ USAID ന്റെജൂലൈ 2013 ൽ പ്രസിദ്ധീകരിച്ച  Techanical Bulletin#92 ൽ പറയുന്നത് . ഇത്രയധികം പോഷകഗുണങ്ങൾ നിറഞ്ഞ ഇലകൾ തീർച്ചയായും ഭക്ഷണത്തിന്റെ ഭാഗമാക്കണം എന്നും , പക്ഷെ ഇതിന്റെ  ഇലകൾ വേവിച്ച് മാത്രമേ കഴിക്കാൻ പാടുള്ളു എന്നുമാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലുക്കോസൈഡ് ആവിയിൽനഷ്ടപ്പെടുന്നതാണ് എന്നും, അഞ്ചു മുതൽ ഇരുപത് മിനുട്ടുവരെ വേവിക്കുന്ന പക്ഷം ഈ ഇലകൾക്ക് യാതൊരു ദൂഷ്യവശവും ഇല്ല എന്നുമാണ്.

ഇരുപത് മിനുട്ടോളം തിളപ്പിച്ചാൽ ആ വെള്ളം കളയാതെ ഉപയോഗിക്കണം എന്നും  ഈ റിപ്പോർട്ട് പറയുന്നു. നമ്മുടെ നാട്ടിൽ വേവിക്കാതെ ഇലകൾ ഭക്ഷിക്കുന്നവർ വളരെ അപൂർവമാണ് എന്നതിനാൽ ഈ ഇലകൾ കൊണ്ടുള്ള ദോഷഫലങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

എന്നിരുന്നാലും  ഇതിന്റെ തളിരിലകൾ പാചകം ചെയ്യുന്നതാണ് അഭികാമ്യം.

കൃഷിരീതി:

മൂന്ന് മീറ്റർ വരെ ഉയരം വളരുന്ന ചായ മൻസ കമ്പ് നട്ട് പുതിയ തൈകൾ ഉണ്ടാക്കാം.

പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാത്ത ഈ സസ്യം വന്യമായി വളരുന്നു.

നല്ലൊരു വേലി കണക്കെ നട്ട് പിടിപ്പിക്കാൻ നല്ലതാണ്.

മൂത്ത ഇലകൾ കോഴിക്ക് കൊടുക്കാൻ പറ്റിയ ഉത്തമമായ ഒരു  തീറ്റ ആണ്.