Tuesday, October 20, 2020

തകര കൃഷി

 തകര കൃഷി 

തകര കൃഷി ചെയ്യേണ്ടതുണ്ടോ?

അത് കാട് പോലെ  വഴിയോരങ്ങളിൽ വളരുന്നതല്ലേ?

സ്വാഭാവികം ആയി ഉയരുന്ന ചോദ്യം.

തകരയുടെ ആരോഗ്യദായക ഗുണങ്ങളും സാമ്പത്തിക വശവും മനസ്സിലാകാത്തത്  ആണ് ഈ ചോദ്യത്തിന് ആധാരം.

ഇന്ന് മലിനമായ വഴിയോരങ്ങളിൽ വളരുന്ന ഇലകൾ ഉപയോഗിക്കാൻ പലരും ഇഷ്ടപ്പെടുന്നില്ല എന്ന് കാണാം. ഇത് ചിലപ്പോൾ അനാരോഗ്യം ആയിരിക്കും പ്രധാനം ചെയ്യുന്നത്.

തകര ഇലകളുടെ ഗുണങ്ങൾ :

തകരയുടെ ഇലകൾ കാൽസിയം, ഇരുമ്പ് എന്നീ മൂലകങ്ങൾ യഥേഷ്ട്ടം അടങ്ങിയതും  ,വിറ്റമിൻ സി , നാരുകൾ എന്നിവയുടെ നല്ലൊരു സ്രോതസ്സുമാണ്.

വിവിധ പഠനങ്ങളിൽ തകരയുടെ ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ, ആന്റി ഫങ്കൽ സ്വഭാവവും, പ്രമേഹം, അലർജി എന്നീ ആരോഗ്യ പ്രശ്നങ്ങൾ സുഖപ്പെടുത്തുവാനും, വ്രണങ്ങൾ ഉണക്കുവാനും,   മുഴകൾ സുഖപ്പെടുത്തുവാനുമുള്ള ( ആന്റി ട്യൂമർ സ്വഭാവം) കഴിവ് വ്യക്തമാക്കി കാണുന്നു. തകരയുടെ  ആന്റി ഓക്സിഡന്റ് സ്വഭാവം പ്രത്യേക പരിഗണന അർഹിക്കുന്നു.

തകര കൃഷിയുടെ പ്രത്യേകതകൾ:

1.ഏത് തരം മണ്ണിലും കൃഷിചെയ്യാം.( വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ഒഴികെ )

2.കീടബാധ കുറവ്, പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

3.ഭാഗികമായി വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ പോലും നന്നായി വളരുന്നു.

4. അഞ്ച് മാസത്തോളം വിളവ് ലഭിക്കുന്നു.

6.നല്ല മഴക്കാലത്ത് മറ്റ് ഇല വർഗ്ഗ സസ്യങ്ങൾ വളരാത്ത സാഹചര്യത്തിൽ പോലും ഇവ നന്നായി വളരും.

7.ഇലകൾ ശേഖരിക്കുന്തോറും വിളവ് വർധിക്കുന്നു.

8.ഡിമാന്റ് ന് അനുസരിച്ച് ലഭ്യത ഇല്ല എന്ന വസ്തുത.

9. വാഴ, തെങ്ങ് എന്നീ വിളകൾക്ക് ഇടവിളയായി ചെയ്യാം.

10. ഒരിക്കൽ കൃഷി ചെയ്താൽ പിന്നീട്  മഴക്കാലത്ത് സ്വാഭാവികം ആയി തന്നെ വളരുന്നതാണ്.

കൃഷിരീതി:

മെയ്മാസം രണ്ടാം പകുതിയിൽ കാലവർഷത്തിന് തൊട്ട് മുൻപായി  അധികം ആഴമില്ലാത്ത ചാലുകൾ തീർത്ത് വിത്ത് വിതറുന്നതാണ് നല്ലത്.  പിന്നീട് അധികമായുള്ള ചെടികൾ പിഴുത് കളയാം. 

അഞ്ച് ആറ് ഇലകൾ വരുന്നതോടെ തലപ്പ് നുള്ളി കളഞ്ഞ് കൂടുതൽ ശാഖകൾ വളരാൻ അനുവദിക്കുക. മഴ ശക്തിപ്രാപിക്കുന്നതിന് മുൻപായി ഇരുവശങ്ങളിലും നിന്നും മണ്ണേറ്റി വരമ്പുകൾ തീർക്കാം.

കൈകൾ കൊണ്ട് നുള്ളിയെടുക്കാൻ പാകത്തിലുള്ള  തലപ്പുകൾ മാത്രമാണ് ശേഖരിക്കാറുള്ളത്.

ഒക്ടോബർ ,നവംബർ മാസത്തോടെ പൂക്കൾ/ പൂമൊട്ടുകൾ അടങ്ങിയ ഇലകളും ഉപയോഗിക്കാവുന്നതാണ്.

നിലവിൽ ഒരു കെട്ട് തകരക്ക് കടയിൽ  30-40 രൂപയുണ്ട് .

പാചകം ചെയ്യുമ്പോൾ ചക്കക്കുരു ചേർക്കുന്നതും, വറുത്തിടാൻ  അരി ഉപയോഗിക്കുന്നതും സ്വാദ് വർധിപ്പിക്കും.

അഞ്ചോ ആറോ  ചെടികൾ ഉണ്ടെങ്കിൽ ഒരു ചെറിയ കുടുംബത്തിന് വേണ്ട ഇലകൾ ലഭിക്കുന്നതാണ്.

ഇതിന്റെ വിത്ത് കാപ്പിക്ക് പകരമായി ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്.

NB: വരുന്ന നവംബർ ഡിസംബർ മാസത്തോടെ വഴിയോരങ്ങളിൽ ശ്രദ്ധിച്ചാൽ തകര വിത്ത് യഥേഷ്ട്ടം ലഭിക്കും.പലപ്പോഴും മഴയുടെ ആരംഭത്തോടെ വിത്തുകളുടെ ലഭ്യതയും കുറയും എന്നതിനാൽ നമുക്ക് ആവശ്യമുള്ള വിത്ത് ശേഖരിച്ച് വെച്ചാൽ മെയ് അവസാനത്തോടെ കൃഷി ചെയ്യാവുന്നതാണ്.

(ഇത്തരത്തിൽ ലഭിക്കാത്ത സുഹൃത്തുക്കൾക്ക് വിത്ത് ഗ്രൂപ്പിൽ ലഭ്യമാക്കുന്നതാണ് .)




Monday, October 19, 2020

ആകാശ വെള്ളരി

  ആകാശ വെള്ളരി 

   വിള പരിചയം 

പാഷൻഫ്രൂട്ട് ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതേ കുടുംബത്തിൽ പെട്ടതാണെങ്കിലും നമ്മുടെ നാട്ടിൽ അധികം പ്രചാരം ലഭിച്ച് കാണാത്ത ഒരു വിളവ് ആണ് ജയന്റ് പാഷൻ ഫ്രൂട്ട്, ജയന്റ് ഗ്രാന്റിലിയ എന്ന ആകാശ വെള്ളരി.

ഒരിക്കൽ നട്ടാൽ നൂറിലധികം  വർഷം നിലനിൽക്കുമെന്നതിനാൽ ഒരു സുസ്ഥിര വിള എന്നനിലക്ക് ഇതിന് വളരെ പ്രാധാന്യം ഉണ്ട്.

 പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, നാരുകള്‍, എന്നിവയാൽ  സമ്പുഷ്ടമാണ്  ആകാശ വെള്ളരി.  

ഇത്  പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണെന്ന്  റിപ്പോർട്ട് ചെയ്ത് കാണുന്നു.

 ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പറിച്ചെടുത്ത് പച്ചക്കറിയായി ഉപയോഗിക്കാം. തോരൻ , കറികൾ എന്നിവ തയ്യാറാക്കാൻ ഇളം കായകൾ ഉപയോഗിക്കാം.

വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍  മഞ്ഞ നിറമായി മാറും. പഴുത്ത പഴത്തിന്റെ പുറം തോൽ ചെത്തിക്കളഞ്ഞ്  ഉൾഭാഗത്തെ മാംസളമായ കാമ്പും  പള്‍പ്പും  ജ്യൂസ്സായി ഉപയോഗിക്കാം. 

ഇത് കൂടാതെ പഴുത്ത പഴങ്ങൾ  ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു.

ചില രാജ്യങ്ങളിൽ ഇതിന്റെ ഇലകൾ ഔഷധ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

കൃഷി രീതി : വിത്തുപയോഗിച്ചും, തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. വിത്തിൽനിന്നും മുളച്ച തൈകൾ വിളവ് തരാൻ  രണ്ട് വർഷത്തിൽ കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ  തണ്ട് വേര്‌ പിടിപ്പിച്ച് നടുന്നതാണ് നല്ലത്. തണ്ടിൽ നിന്നും മുളപ്പിച്ച തൈകളിൽ ഒരുവർഷം കൊണ്ട് തന്നെ കായകൾ ഉണ്ടാകും.

വന്യമായി പടരുന്ന ഇനമാകയാൽ ആകാശവെള്ളരി നടുന്നതിന് വിശാലമായ സ്ഥലം തന്നെ ആവശ്യമുണ്ട്. വൻമരംപോലും മുഴുവനായി മൂടും എന്നതിനാൽ പന്തലിൽ പടർത്തുന്നതാണ് നല്ലത്. 

ഒന്നര അടി സമചതുരത്തിൽ  കുഴിയെടൂത്ത്   ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി മേൽമണ്ണ് നിറച്ച ശേഷം തൈകൾ നടാം..  തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ ഉണ്ടാകാൻ  തുടങ്ങും. വേനൽക്കാലം ആവശ്യമായ ജലസേചനം ഉറപ്പാക്കണം.

വണ്ടുകളാണ് പരാഗണം നടത്തുന്നത്. ഒട്ടേറെ പൂക്കൾ ഉണ്ടാകുമെങ്കിലും ശരിയായ പരാഗണം നടക്കാത്തപക്ഷം കായ ഉണ്ടാകുന്നത് കുറവായിരിക്കും. കായ്‌ഫലം കുറവാണെന്ന കാരണത്താൽ ചെടികൾ തന്നെ വെട്ടിമാറ്റുന്ന അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്.ശരിയായ പരാഗണത്തിന്റെ കുറവാണ് ഇതിന് കാരണം. പടർന്ന് പിടിക്കുന്നകാരണം കുറെയേറെ  സ്ഥല സൗകര്യം വേണമെന്നതിനാൽ ഇത്തരമൊരു സൗകര്യം ഉറപ്പാക്കിയ ശേഷം മാത്രമേ ആകാശവെള്ളരി കൃഷി ചെയ്യാൻ പാടുള്ളൂ.

Tuesday, October 13, 2020

ഗാർഹിക മാലിന്യത്തിൽ നിന്നും ഗുണമേന്മയുള്ള വളങ്ങൾ:

ഗാർഹിക മാലിന്യത്തിൽ നിന്നും ഗുണമേന്മയുള്ള വളങ്ങൾ:

നമ്മൾ സാധാരണ വലിച്ചെറിയുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോട് മുതലായ അടുക്കള മാലിന്യങ്ങൾ  എങ്ങനെ ഉപയോഗ പ്രദമാക്കാം എന്ന് നോക്കാം 

1. മണ്ണിര കമ്പോസ്റ്റ് :

അടുക്കള മാലിന്യങ്ങളിൽ മുട്ടത്തോട്,നാരങ്ങാത്തൊലി ,ഉള്ളി /സവാള തൊലി മുതലായ ചുരുക്കം ചില വസ്തുക്കൾ ഒഴിച്ച് ഒട്ടുമിക്ക ജൈവ മാലിന്യങ്ങളും വളമാക്കി മാറ്റുവാൻ മണ്ണിരകമ്പോസ്റ് യൂണിറ്റ് നല്ലൊരു മാർഗ്ഗമാണ് .ഇത്തരം യൂണിറ്റിൽ രണ്ട് തരം മണ്ണിരകളെയാണ് ഉപയോഗിക്കുന്നത്.യൂഡ്രില്ലസ് യൂജീന അല്ലങ്കിൽ ഐസീനിയ ഫെറ്റിഡ എന്ന് അറിയപ്പെടുന്ന രണ്ടു തരം ആഫ്രിക്കൻ മണ്ണിരകളെ ആണ്. ഇത്തരം മണ്ണിരകൾ തന്റെ ശരീരഭാരത്തിന്റെ തുല്യ അളവോളം മാലിന്യം വളമാക്കി മാറ്റുവാൻ ഇവക്ക് ശേഷിയുണ്ട്.

(മണ്ണിര കമ്പോസ്റ്റ് സംബന്ധിച്ച് വിശദമായ പാഠഭാഗം പിന്നീട് ഉൾപ്പെടുത്താം.)

2.ബയോബിൻ/ റിങ് കമ്പോസ്റ്റ് :

മണ്ണിര കമ്പോസ്റ്റ് പരിപാലിക്കാൻ സമയം ലഭ്യമല്ലാത്തവർക്ക് ബയോബിൻ / റിങ് കോപ്സ്റ് എന്നിവ ഉപയോഗിക്കാം. സുഷിരങ്ങൾ ഉള്ള പ്ലാസ്റ്റിക് പത്രങ്ങൾ ആണ് ബയോ ബിൻ. രണ്ട് മാസം കൊണ്ട് മാലിന്യങ്ങൾ വളമാക്കി മാറ്റുവാൻ ഇത് കൊണ്ട് സാധിക്കുന്നു.

പക്ഷെ റിങ് കമ്പോസ്റ്റ്,ബയോബിൻ എന്നിവ ഉപയോഗിക്കുമ്പോൾ EM സൊല്യൂഷൻ അല്ലെങ്കിൽ ശർക്കര ലായനി എന്നിവയിലേതെങ്കിലും ഒന്ന് ആഴ്ചയിലൊരിക്കൽ നിർബന്ധമായും തളിച്ച് കൊടുക്കേണ്ടതാണ്.

3.ബയോ ഗ്യാസ് യുണിറ്റ്  :

ചെറിയൊരു ബയോ ഗ്യാസ് യൂണിറ്റ് സ്ഥാപിക്കുന്നത് വഴി വീടുകളിലെ ജൈവ മാലിന്യങ്ങളിൽ നിന്നും ഇന്ധനം ലഭിക്കുന്നു. കൂടെ ഇതിൽ നിന്നും ലഭിക്കുന്ന സ്ലറി നല്ലൊരു ജൈവ വളം ആണ്.

മേൽ പറഞ്ഞ രീതികളിലൂടെ ലഭിക്കുന്ന വളങ്ങൾ അല്ലാതെ മാലിന്യങ്ങളിൽ നിന്നും ചില പ്രത്യേക വളങ്ങൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് നോക്കാം.:

i ) കഞ്ഞിവെള്ളം/ അരികഴുകിയ വെള്ളം:

ഇവ നല്ലൊരു വളവും കീട നിയന്ത്രണ മാർഗ്ഗവും ആണ്. ഇവ രണ്ട് ദിവസം പുളിക്കാൻ മാറ്റി വെച്ചതിന് ശേഷം ചെടികൾക്ക് ഇലകളിൽ തളിക്കാനും ,മണ്ണിൽ തളിക്കാനും ഉപയോഗിക്കാം. അരിയിൽ കാണുന്ന മിത്ര ബാക്റ്റീരിയകളുടെ പ്രവർത്തനം മൂലം ചെടികൾക്ക് പ്രതോരോധ ശക്തി ലഭിക്കുകയും, മണ്ണ് കൂടുതൽ ഫലഭൂയിഷ്ടമാകുകയും ചെയ്യുന്നു.

ii ) സവാള/ ഉള്ളി/ വെളുത്തുള്ളി തൊലി :

നല്ലൊരു കീട പ്രതിരോധ മാർഗ്ഗമാണിത്. ഈ തൊലികൾ രണ്ട് ദിവസം വെള്ളത്തിൽ കുതിർത്ത് വെക്കുക. പിഴിഞ്ഞ്  അരിച്ചെടുത്ത വെള്ളം ചെടികളിൽ സ്പ്രേ ചെയ്‌താൽ  വിളകളിൽ കീടങ്ങളുടെ ആക്രമണം ഒരു പരിധിവരെ തടയാം.

iii ) മുട്ടത്തോട് +പഴത്തൊലി +ചായ പിണ്ടി / കാപ്പി പൊടി :

അഞ്ചോ ആറോ മുട്ടയുടെ തോട് , പഴത്തൊലി (നേന്ത്രപ്പഴം ആണേൽ ഒന്ന് ,ചെറുപഴം അഞ്ചോ ആറോ എണ്ണം), രണ്ട് സ്പൂൺ ചായ/ കാപ്പി പിണ്ടി  (ചായ/കാപ്പി ഉണ്ടാക്കിയ ശേഷമുള്ള വേസ്റ്റ്) എന്നിവ മിക്സിയിൽ അരച്ച് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നേരിട്ട് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.പുളിക്കാൻ വെക്കേണ്ടതില്ല. ഇത് മുളച്ച് വരുന്ന ചെടികൾക്ക് നൽകാൻ പാടില്ല. പൂക്കൾ വരാൻ പ്രായമായ ചെടികൾക്ക് മാത്രമേ നൽകാൻ പാടുള്ളു .

പ്രത്യേകത: ഈ ദ്രവക വളത്തിൽ  നൈട്രോജെൻ,ഫോസ്‌ഫേറ്റ് ,പൊട്ടാസിയം എന്നിവയും മറ്റ് ദ്വിതീയ മൂലകങ്ങളും മൈക്രോന്യൂട്രിയന്റുകളും യഥേഷ്ട്ടം   അടങ്ങിയിട്ടുണ്ട്.

പൊട്ടാസിയം , കാൽസിയം , മഗ്നീഷ്യം എന്നിവ ആവശ്യത്തിന് ലഭിക്കും എന്നതിനാൽ ചെടികൾ നല്ലവണ്ണം പുഷ്പിക്കുവാനും,കായ്‌ഫലങ്ങൾ നൽകുവാനും സാധിക്കുന്നു. ഈ വളം ഉപയോഗിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ ഗുണഫലം നേരിട്ട് കാണാവുന്നതാണ്.

 (വളരെ  ചെറിയ ചെടികൾക്ക് ഈ വളം  ഉപയോഗിക്കരുതേ )



Thursday, October 8, 2020

മുളക് കൃഷി

പലർക്കും വീടിന്റെ അടുക്കളപ്പുറത്ത് വലിയ അധ്വാനമൊന്നും കൂടാതെ തന്നെ കൃഷി ചെയ്ത് വന്നിരുന്ന ഒരു വിള ആയിരുന്നു  മുളക് കൃഷി  . പക്ഷെ ഇല മുരടിപ്പ് വ്യാപകമായതോടെ മുളക് കൃഷി വലിയ സാഹസം ആയി പലർക്കും തോന്നാറുണ്ട്.

എന്നാൽ 

ചുരുക്കം ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ പച്ച മുളക് അനായാസം കൃഷി ചെയ്യാം.

നടീൽ രീതി:

നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് മേൽമണ്ണും കമ്പോസ്റ്റും ചാണക പൊടിയും ചേർത്ത് തവാരണ  തയ്യാറാക്കിയോ, ഗ്രോ ബാഗിലോ, സീഡ്‌ലിംഗ് ട്രേയിൽ വിത്ത് പാകിയോ തൈകൾ മുളപ്പിക്കാം.

ഒരു മാസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ മുക്കിയ ശേഷം മാറ്റി നടാം .കുറച്ച് ദിവസം തണൽ നൽകേണ്ടതാണ്.

നിലത്ത് അരമീറ്റർ അകലത്തിലും ഗ്രോ ബാഗിൽ പരമാവധി രണ്ട് തൈകൾ വീതവും നടാവുന്നതാണ്.

മാറ്റി നട്ടത് മുതൽ തന്നെ ആഴ്ചയിലൊരിക്കൽ ഏതെങ്കിലുമൊരു ജൈവ കീടനാശിനികൾ ഉപയൊഗിക്കേണ്ടതായി വന്നേക്കാം.

മാറ്റി നട്ട്  പത്ത് ദിവസം കഴിഞ്ഞ്  ചെടിയുടെ തലപ്പ്  നുള്ളിക്കളഞ്ഞ് ( പ്രൂൺ ചെയ്ത് ) കൂടുതൽ തലപ്പുകൾ ഉണ്ടാക്കാം.

വളരുന്നതിനനുസരിച്ച് അടിവശത്തായി മണ്ണിനോട് ചേർന്നുള്ള ഇലകൾ നീക്കം ചെയ്യുന്നത് നല്ലതാണ്.

മാറ്റി നട്ട്  30 ദിവസം പ്രായമാവുമ്പോൾ പൂവ് വരാൻ തുടങ്ങും 45 ദിവസം മുതൽ മുളക് പറിച്ചു തുടങ്ങാം .നന്നായ് നോക്കിയാൽ നാല് -അഞ്ച് മാസം നല്ല വിളവ് ലഭിക്കും. 

രണ്ടാഴ്ച്ച കൂടുമ്പോൾ പിണ്ണാക്ക്+പച്ചചാണക ദ്രാവക വളം നൽകാം.

മാസത്തിലൊരിക്കൽ ഒരു സ്പൂൺ ഡോളോമൈറ്റ് വിതറിക്കൊടുക്കാം.

ചെടിക്ക് ചുറ്റും പച്ചില/ കരിയില പുതയിടാം.

പണ്ട് കാലത്ത് നല്ല വിളവിനായി തുമ്പ ചെടി പറിച്ച് പുതയിടാറുണ്ടായിരുന്നു.


വെള്ളീച്ച, ത്രിപ്സ്,മണ്ഡരി, ആംഫിഡുകൾ എന്നിവയാണ് മുളക് കൃഷിയെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ. 

ആരോഗ്യമുള്ള തൈകൾ ആണെങ്കിൽ കീട ബാധയും കുറവായിരിക്കും. വെള്ളീച്ചയാണ് വൈറൽ രോഗമായ ഇല മുരടിപ്പ് രോഗ കാരണം. 

ഇതല്ലാതെ മണ്ണിന്റെ അമ്ളാംശം കൂടുമ്പോഴും,കാൽസ്യത്തിന്റെ കുറവും ഇലമുരടിപ്പിന് കാരണമാകാം.

 സൂഷ്മ മൂലകങ്ങളുടെ കുറവും വിവിധതരത്തിൽ ഇലകളുടെ രൂപം, നിറം എന്നിവയിൽ കാണുന്ന മാറ്റങ്ങളിൽ നിന്നും മനസ്സിലാക്കാം .

കീട നിയന്ത്രണ മാർഗ്ഗങ്ങൾ :

1.മഞ്ഞക്കെണി:

മുളക് കൃഷി ആരംഭിക്കുമ്പോൾ തന്നെ കൃഷിയിടത്തിൽ മഞ്ഞ ക്കെണി സ്ഥാപിക്കേണ്ടതുണ്ട്.

മഞ്ഞ നിറമുള്ള, പാത്രങ്ങളോ ,പ്ലാസ്റ്റിക് ഷീറ്റ് ,മഞ്ഞ ബോട്ടിൽ എന്നിവയിലോ ആവണക്കെണ്ണ, വെള്ള ഗ്രീസ്,പഴയ വാസ്‌ലിൻ എന്നിവയിലേതെങ്കിലും ഒന്ന് പുരട്ടി കൃഷിയിടത്തിൽ സ്ഥാപിക്കുക.മഞ്ഞ നിറത്തിൽ ആകൃഷ്ടരായി വരുന്ന ചെറു കീടങ്ങൾ ഇവയിൽ ഒട്ടിപിടിച്ച് നിൽക്കുമെന്നതിനാൽ കീടബാധ ഒരു പരിധിവരെ തടയാം.

2.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം:

ആവശ്യമായത്:

വേപ്പെണ്ണ 20 മില്ലി 

വെളുത്തുള്ളി  20 ഗ്രാം 

ബാർസോപ്പ് 10 ഗ്രാം 

വെള്ളം 1 ലിറ്റർ 

ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലി വെള്ളമെടുത്ത് ബാർസോപ്പ് ചെറുതായി മുറിച്ച്  ലയിപ്പിച്ച് അരിച്ചെടുക്കുക, വെളുത്തുള്ളി നല്ലവണ്ണം അരച്ചെടുത്ത് സത്ത് പിഴിഞ്ഞെടുത്ത് അരിച്ച് ചേർക്കുക.ഇതിൽ വേപ്പെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഈ കീടനാശിനി ചെടികൾക്ക് തളിച്ച് കൊടുക്കാം.( ഇലകൾക്ക് അടിവശത്തായി തളിച്ച് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)

3. നാറ്റപ്പൂ /  അരിപ്പൂ(കൊങ്ങിണി)+ സോപ്പ് മിശ്രിതം:

നാറ്റപ്പൂ അല്ലെങ്കിൽ അരിപ്പൂ ചെടി  ചതച്ച് പിഴിഞ്ഞ് ബാർസോപ്പ് ലായനിയിൽ കലർത്തി ചെടികളിൽ സ്പ്രൈ ചെയ്യാം.

4.പെരുവല്ലം / വട്ടപ്പുര  ഇലകൾ അരച്ചെടുത്ത് പുളിച്ച കഞ്ഞിവെള്ളത്തിൽ കലർത്തി അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്യാം.

5.ഗോമൂത്ര +പച്ചില  ലായനി 

ഒരു ‌ പാത്രത്തിൽ പഴകിയ ഗോമൂത്രം എടുത്ത്   പപ്പായയുടെയും മരച്ചീനിയുടെയും മൂത്തുപാകമായ  ഇലകൾ   മുഴുവനായി മുങ്ങിക്കിടക്കുവാൻ പാകത്തിൽ   അരിഞ്ഞുചേര്ക്കുക.  പാത്രം വായുനിബദ്ധമായി അടച്ച് തണലിൽ സൂക്ഷിക്കുക. ഒരു മാസം ആകുമ്പോൾ  ഇലകളെല്ലാം അഴുകി ഗോമൂത്രത്തിൽ അലിഞ്ഞുചേർന്നതായിക്കാണാം. തയ്യാറായ ലായനി അരിച്ചെടുത്ത്  പന്ത്രണ്ട് ഇരട്ടി  വെള്ളം ചേര്ത്ത് നേര്പ്പിച്ചശേഷം  സ്പ്രേ ചെയ്യാം. ഒരു വർഷം വരെ ഇത് ഉപയോഗിക്കാം.

6.പുളിച്ച കഞ്ഞിവെള്ളം തളിക്കുന്നത്.

7.നല്ലത്പോലെ അരിച്ചെടുത്ത ചാരം മഞ്ഞൾ പൊടി കലർത്തി ഇലകളിൽ വിതറാം.

ഒരേതരം കീടനാശിനികൾ  സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇത്തരം കീടനാശിനികൾ മാറി മാറി ഉപയോഗിക്കുന്നത്തിലൂടെ കീടബാധ പരിപൂർണ്ണമായി ഒഴിവാക്കാം.

NB: ശ്രീ അരുൺകുമാർ രാജസ്ഥാനിലെ ജോധ്പുരിൽ  പഠനങ്ങൾ നടത്തി പ്രസിദ്ധീകരിച്ച  റിപ്പോർട്ടിലെ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. 

കുറച്ച് പശുവിൻ പാലിൽ (തിളപ്പിക്കാത്തത്) സമം വെള്ളം ചേർത്തതിൽ   വിത്തുകൾ കുതിർത്ത് വെക്കുന്നു. ട്രൈക്കോഡെർമ എന്ന മിത്ര കുമിൾകൊണ്ട് പുഷ്ഠിപ്പെടുത്തിയ മണ്ണിൽ വിത്തുകൾ പാകുന്നു.തൈകൾ മാറ്റിനടുമ്പോൾ 20% പാൽ ചേർത്ത ലായനി തളിക്കുന്നു.( അതായത് 20 മില്ലി പാലും 80 മില്ലി വെള്ളവും ചേർത്ത്).പിന്നീട് ഓരോ 15 ദിവസം കൂടുമ്പോഴും 15% പാൽ ലായനി ( അതായത് 15 മില്ലി പാലും 85  മില്ലി വെള്ളവും ചേർത്ത്) ചെടികൾക്ക് സ്പ്രേ ചെയ്യുന്നു.ഇതിലൂടെ മുളക് ചെടികൾക്ക് യാതൊരു കീടബാധയും ഉണ്ടായില്ല എന്ന് ഈ പഠന റിപ്പോർട്ട് അവകാശ പ്പെടുന്നു. പാലിൽ കാണുന്ന Bacillus thunginesis എന്ന മിത്ര ബാക്റ്റീരിയ ചെടികൾക്ക് രോഗ പ്രതിരോധ ശക്തി നൽകുമെന്നും,കീട ബാധ ചെറുക്കാനുള്ള കഴിവ് നൽകുമെന്നും പല പഠനങ്ങളും അവകാശപ്പടുന്നു.

(ഞാൻ ഇത് വരെ ഈ രീതി പരീക്ഷിച്ച് നോക്കിയിട്ടില്ല എന്നതിനാൽ ഇതിന്റെ ഗുണഫലം  നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ ഉടൻ തന്നെ ഈ രീതി പരീക്ഷിച്ച് വിവരം എല്ലാവരുമായി  പങ്ക് വെക്കുന്നതാണ്.)


Monday, October 5, 2020

ചാണകം ,പിണ്ണാക്ക് ദ്രാവക വളം

 

കേരളത്തിലെ കർഷകർക്കിടയിൽ ജൈവ കൃഷി രീതികളുടെ  വ്യാപനത്തോട് കൂടി വളരെയധികം പ്രചാരം നേടിയ വളപ്രയോഗ രീതിയാണ്  പച്ച ചാണകവും കടലപ്പിണ്ണാക്കും ചേർത്ത് തയ്യാറാക്കുന്ന  ദ്രാവക വളം.

വളം നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ :


1. പച്ചച്ചാണകം                   പത്ത് അളവ്
2. കടല(കപ്പലണ്ടി) പിണ്ണാക്ക്   ഒരു ഭാഗം അളവ് 
3. വേപ്പിൻ ‍ പിണ്ണാക്ക്           ഒരു ഭാഗം അളവ് 
4. എല്ലു പൊടി                പകുതി ഭാഗം അളവ് 
5 .പുളിച്ച കഞ്ഞിവെള്ളം          ആവശ്യത്തിന് 
6. വെല്ലം/ ശർക്കര                കാൽ ഭാഗം അളവ് 
ആവശ്യമായ വളം തയ്യാർ ചെയ്യുന്നതിന് അളവ് ആയി ഏതെങ്കിലും ഒരു പാത്രം / ചിരട്ട/ കപ്പ് എന്നിവ തോത് ആയി ഉപയോഗിക്കാം.
ഇവ ചേര്ത്ത് വലിയൊരു പാത്രത്തിൽ   ചേർത്ത് ഇളക്കി നല്ലവണ്ണം അടച്ചു വയ്ക്കുക.
ഓരോ ദിവസവും രണ്ട് നേരവും  നന്നായി ഇളക്കിക്കൊടുക്കണം.
നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണംനാലാം ദിവസം വളം തയാർ.
ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തിൽ ‍ ചേര്ത്ത് നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ‍ ഒഴിച്ച് കൊടുക്കാം.
ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാൻ ‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്.
ചെടിയുടെ തണ്ടിനും വേരിനും നേരിട്ട് തട്ടുന്ന വിധം വളം ഒഴിക്കാതിരിക്കുക.
(പച്ചച്ചാണകം ലഭിക്കാത്തവർക്ക് ചാണക പൊടി ഉപയോഗിക്കാം.)

സാധാരണ ഇത്തരം ദ്രാവക  വളങ്ങൾ തയ്യാർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്‍നമായി കർഷകർ ഉന്നയിക്കുന്നത് അസഹനീയമായ ദുർഗന്ധം ആണ്. എന്നാൽ   ശരിയായ അളവിൽ കഞ്ഞിവെള്ളവും, നല്ലയിനം വെല്ലം/ ശർക്കരയും ഉപയോഗിക്കുന്ന പക്ഷം ഈ ദുർഗന്ധം ഒഴിവാക്കാം.
രണ്ടാമത്തെ പ്രശ്‍നം ഈ വളം ഉപയോഗിക്കുമ്പോൾ  ചില ചെടികൾ ചീഞ്ഞു പോകുന്നു എന്നതാണ്. ഇളം തണ്ടുകൾക്കും മുളച്ച് വരുന്ന പ്രായത്തിലുള്ള തൈകൾക്കും ഈ വളപ്രയോഗം നല്ലതല്ല.
ഇത്  ശരിയായി നേർപ്പിക്കാതെ ഉപയോഗിക്കുന്നതും, നേരിട്ട് തണ്ടിൽ തട്ടുന്ന വിധം ഒഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
പ്രധാന ഗുണങ്ങൾ:
1.പിണ്ണാക്ക് നേരിട്ട് മണ്ണിൽ ചേർക്കുമ്പോൾ കീടങ്ങളും ,ഉറുമ്പുകളും മൂലം ഉണ്ടാകുന്ന നഷ്ട്ടം പുളിപ്പിക്കുന്നതോടെ  ഒഴിവാകുന്നു.
2.പച്ച ചാണകത്തിൽ അടങ്ങിയ  N P  K യുടെ അളവ് ഏകദേശം 0.4, ,0.2, 0.1  ശതമാനവും, കടല പിണ്ണാക്കിൽ അടങ്ങിയ  N P  K യുടെ അളവ്  ഏകദേശം 7 ,1.5, 1.5 ശതമാനവും, വേപ്പിൻ പിണ്ണാക്കിൽ  അടങ്ങിയ  N P  K യുടെ അളവ്  ഏകദേശം 5  ,1, 1.5 ശതമാനവും, എല്ലുപൊടിയിൽ 20 ശതമാനം ഫോസ്ഫറസും  അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ ചെടികൾക്ക് ആവശ്യമായ സെക്കന്ററി മൂലകങ്ങളും ഈ വളത്തിൽ അടങ്ങിയിട്ടുണ്ട്.
3.ഇവയിലെ ആവശ്യമായ പോഷകങ്ങൾ  കേവലം ഏഴ് ദിവസത്തിനകം  തന്നെ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്നു.
4. ചാണകത്തിൽ അടങ്ങിയ അനേകം സൂഷ്മാണുക്കൾ കഞ്ഞിവെള്ളത്തിലെ സ്റ്റാർച് , ശർക്കരയിലെ ഗ്ളൂക്കോസ് എന്നിവയുടെ സാന്നിധ്യത്തിൽ പതിന്മടങ്ങായി വർധിക്കുകയും ഇവയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ സസ്യങ്ങൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്നവിധം മാറ്റിയെടുക്കുകയും ചെയ്യും.
5. വേപ്പിൻ പിണ്ണാക്കിന്റെ സാന്നിധ്യം ചെടികൾക്ക് ഉയർന്ന രോഗ പ്രതിരോധ ശക്തി നൽകുന്നു.
NB: ഇത്തരം പുളിപ്പിച്ച വളങ്ങൾ സ്ഥിരമായി  ഉപയോഗിക്കുമ്പോൾ മാസത്തിൽ ഒരിക്കൽ എങ്കിലും കുമ്മായം/ ഡോളോമൈറ്റ് എന്നിവ ചെടികൾക്ക് ചുറ്റും വിതറേണ്ടത്  അത്യാവശ്യം ആണ്.




ഫിഷ് അമിനോ ആസിഡ്



സസ്യങ്ങളുടെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ വളർച്ച ത്വരിതപ്പെടുത്തുവാനും ,

ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും,കീടപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനും ഉത്തമമായ ഒരു ദ്രാവക വളമാണ് ഫിഷ് അമിനോ ആസിഡ്.

ഇതിൽ നൈട്രജൻ വളരെ അധികം ഉണ്ട്. ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതും ഇലകളിൽ തളിക്കുന്നതും ഇലകളുടെ കരുത്തുറ്റ വളർച്ചക്ക് നല്ലതാണ്
ചീര പോലുള്ള ഇല വർഗ വിളകൾക്ക് ആഴ്ചയിൽ ഒരിക്കൽ കൊടുക്കുന്നത് ഇലകളുടെ വളർച്ചക്ക് നല്ലതാണ്
ഒരു മില്ലി ഒരു ലിറ്ററിൽ എന്ന തോതിൽ ചെടികളുടെ ചുവട്ടിൽ ഇടയ്ക്കിടയ്ക്ക് ഒഴിച്ച് കൊടുക്കുന്നത് സൂക്ഷ്മ ജീവികളുടെ വളർച്ച ത്വരിതപ്പെടുത്തും.

ഇത് തയ്യാർ ചെയ്യുന്നത് എങ്ങനെ എന്ന നോക്കാം:

ആവശ്യമായ സാധനങ്ങൾ:

പച്ചമൽസ്യം  (മത്തി/ ചാള )- 1 Kg 

നല്ലയിനം വെല്ലം/ ശർക്കര -  1 Kg 

പപ്പായ - ഒരുകഷ്ണം 

കണ്ടെയ്നർ - 2  1/2 കപ്പാസിറ്റി 


മത്തി /ചാള മീനാണ് ഫിഷ് അമിനോ ആസിഡ് തയ്യാറാക്കാൻ ഏറ്റവും നല്ലത് . തുല്യ രാസ വസ്തുക്കൾ ഇട്ടിട്ടില്ലാത്ത ഒരു കിലോ മത്തിയും ഒരു കിലോ ഉപ്പില്ലാത്ത ശർക്കരയും ഫിഷ് അമിനോ ഉണ്ടാക്കാൻ ആവശ്യമാണ്. അലിയാൻ സാധ്യതയില്ലാത്ത ചെകിളയും വാലും ഉൾപ്പെടെ മൽസ്യം മുഴുവനായും വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ആദ്യം ശർക്കര കുപ്പിയുടെ അടിവശത്തു ഇടുക .പിന്നീട് ലയറുകളായി മത്തിയും ശർക്കരയും ഇടുക. രണ്ടും കൂടി മിക്സ് ചെയ്തിട്ട് കുപ്പിയിൽ നിറച്ചാലും മതിയാകും. കൂടെ പച്ച പപ്പായ തൊലി അടക്കം ചെറു കഷ്ണങ്ങൾ ആക്കി ചേർക്കുക. ഇത് മൽസ്യം വിഘടിച്ച് വളമായി മാറാൻ സഹായിക്കും കണ്ടെയ്നറിന്റെ മുക്കാൽ ഭാഗം നിറച്ചിരിക്കണം. കണ്ടെയ്നർ വെളിച്ചം അധികം അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കുക. 10 ദിവസം കൂടുമ്പോൾ കണ്ടെയ്നർ ഒന്ന് കുടഞ്ഞു കൊടുക്കുക. 40 -45 ദിവസം കഴിയുമ്പോൾ മൽസ്യം ശർക്കരയിൽ നന്നായി അലിഞ്ഞു ചേർന്നിട്ടുണ്ടാകും. തയ്യാറായ ഫിഷ് അമിനോ അസിഡിന് നല്ലൊരു ഗന്ധം ആയിരിക്കും.
മൽസ്യത്തിന്റെയും വെല്ലത്തിന്റെയും ഗുണം അനുസരിച്ചിരിക്കും ഗന്ധവും .

ഇഴ അകലം ഉള്ള തുണിയിൽ അരിച്ചെടുത്തു സൂക്ഷിക്കുക. ഒരുവർഷം വരെ കേട് കൂടാതെ നിൽക്കുന്നതാണ്.

ഉപയോഗ രീതി :
5-10 ml ഒരു ലി റ്റർ വെള്ളത്തിൽ ലയിപ്പിച്ചു ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് .
ഇലകളിൽ സ്പ്രേ ചെയ്യാൻ 3-5 ml ഉപയോഗിക്കുക.

N B:ഒരുകിലോ വീതം മത്സ്യവും വെല്ലവും കൊണ്ട് തന്നെ ഫിഷ് അമിനോ തയ്യാറാക്കണം എന്ന് നിർബന്ധമില്ല. ലഭ്യമായ അളവിൽ തയ്യാറാക്കാം.പക്ഷെ ഇവ രണ്ടും തുല്യ അളവിൽ വേണം എന്ന് മാത്രം.
വീട്ടാവശ്യത്തിന് മൽസ്യം മുറിച്ച് ബാക്കിവരുന്ന വേസ്റ്റ് കൊണ്ടുംകുറഞ്ഞ അളവിലുള്ള ഫിഷ് അമിനോ തയ്യാറാക്കാം . പക്ഷെ വെല്ലം / ശർക്കര യുടെ അളവ് കുറഞ്ഞാൽ നല്ല മണത്തിന് പകരം ദുർഗന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഫിഷ് അമിനോ ആസിഡ് തണുപ്പുള്ള അന്തരീക്ഷത്തിൽ നേരിട്ട് വെയിൽ ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക .അന്തരീക്ഷ ഊഷ്മാവ് കൂടുതൽ ആണെങ്കിൽ കുപ്പി പച്ച വെള്ളത്തിൽ ഇറക്കി വെക്കുക.