പലർക്കും വീടിന്റെ അടുക്കളപ്പുറത്ത് വലിയ അധ്വാനമൊന്നും കൂടാതെ തന്നെ കൃഷി ചെയ്ത് വന്നിരുന്ന ഒരു വിള ആയിരുന്നു മുളക് കൃഷി . പക്ഷെ ഇല മുരടിപ്പ് വ്യാപകമായതോടെ മുളക് കൃഷി വലിയ സാഹസം ആയി പലർക്കും തോന്നാറുണ്ട്.
എന്നാൽ
ചുരുക്കം ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ പച്ച മുളക് അനായാസം കൃഷി ചെയ്യാം.
നടീൽ രീതി:
നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് മേൽമണ്ണും കമ്പോസ്റ്റും ചാണക പൊടിയും ചേർത്ത് തവാരണ തയ്യാറാക്കിയോ, ഗ്രോ ബാഗിലോ, സീഡ്‌ലിംഗ് ട്രേയിൽ വിത്ത് പാകിയോ തൈകൾ മുളപ്പിക്കാം.
ഒരു മാസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ മുക്കിയ ശേഷം മാറ്റി നടാം .കുറച്ച് ദിവസം തണൽ നൽകേണ്ടതാണ്.
നിലത്ത് അരമീറ്റർ അകലത്തിലും ഗ്രോ ബാഗിൽ പരമാവധി രണ്ട് തൈകൾ വീതവും നടാവുന്നതാണ്.
മാറ്റി നട്ടത് മുതൽ തന്നെ ആഴ്ചയിലൊരിക്കൽ ഏതെങ്കിലുമൊരു ജൈവ കീടനാശിനികൾ ഉപയൊഗിക്കേണ്ടതായി വന്നേക്കാം.
മാറ്റി നട്ട് പത്ത് ദിവസം കഴിഞ്ഞ് ചെടിയുടെ തലപ്പ് നുള്ളിക്കളഞ്ഞ് ( പ്രൂൺ ചെയ്ത് ) കൂടുതൽ തലപ്പുകൾ ഉണ്ടാക്കാം.
വളരുന്നതിനനുസരിച്ച് അടിവശത്തായി മണ്ണിനോട് ചേർന്നുള്ള ഇലകൾ നീക്കം ചെയ്യുന്നത് നല്ലതാണ്.
മാറ്റി നട്ട് 30 ദിവസം പ്രായമാവുമ്പോൾ പൂവ് വരാൻ തുടങ്ങും 45 ദിവസം മുതൽ മുളക് പറിച്ചു തുടങ്ങാം .നന്നായ് നോക്കിയാൽ നാല് -അഞ്ച് മാസം നല്ല വിളവ് ലഭിക്കും.
രണ്ടാഴ്ച്ച കൂടുമ്പോൾ പിണ്ണാക്ക്+പച്ചചാണക ദ്രാവക വളം നൽകാം.
മാസത്തിലൊരിക്കൽ ഒരു സ്പൂൺ ഡോളോമൈറ്റ് വിതറിക്കൊടുക്കാം.
ചെടിക്ക് ചുറ്റും പച്ചില/ കരിയില പുതയിടാം.
പണ്ട് കാലത്ത് നല്ല വിളവിനായി തുമ്പ ചെടി പറിച്ച് പുതയിടാറുണ്ടായിരുന്നു.
വെള്ളീച്ച, ത്രിപ്സ്,മണ്ഡരി, ആംഫിഡുകൾ എന്നിവയാണ് മുളക് കൃഷിയെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ.
ആരോഗ്യമുള്ള തൈകൾ ആണെങ്കിൽ കീട ബാധയും കുറവായിരിക്കും. വെള്ളീച്ചയാണ് വൈറൽ രോഗമായ ഇല മുരടിപ്പ് രോഗ കാരണം.
ഇതല്ലാതെ മണ്ണിന്റെ അമ്ളാംശം കൂടുമ്പോഴും,കാൽസ്യത്തിന്റെ കുറവും ഇലമുരടിപ്പിന് കാരണമാകാം.
സൂഷ്മ മൂലകങ്ങളുടെ കുറവും വിവിധതരത്തിൽ ഇലകളുടെ രൂപം, നിറം എന്നിവയിൽ കാണുന്ന മാറ്റങ്ങളിൽ നിന്നും മനസ്സിലാക്കാം .
കീട നിയന്ത്രണ മാർഗ്ഗങ്ങൾ :
1.മഞ്ഞക്കെണി:
മുളക് കൃഷി ആരംഭിക്കുമ്പോൾ തന്നെ കൃഷിയിടത്തിൽ മഞ്ഞ ക്കെണി സ്ഥാപിക്കേണ്ടതുണ്ട്.
മഞ്ഞ നിറമുള്ള, പാത്രങ്ങളോ ,പ്ലാസ്റ്റിക് ഷീറ്റ് ,മഞ്ഞ ബോട്ടിൽ എന്നിവയിലോ ആവണക്കെണ്ണ, വെള്ള ഗ്രീസ്,പഴയ വാസ്‌ലിൻ എന്നിവയിലേതെങ്കിലും ഒന്ന് പുരട്ടി കൃഷിയിടത്തിൽ സ്ഥാപിക്കുക.മഞ്ഞ നിറത്തിൽ ആകൃഷ്ടരായി വരുന്ന ചെറു കീടങ്ങൾ ഇവയിൽ ഒട്ടിപിടിച്ച് നിൽക്കുമെന്നതിനാൽ കീടബാധ ഒരു പരിധിവരെ തടയാം.
2.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം:
ആവശ്യമായത്:
വേപ്പെണ്ണ 20 മില്ലി
വെളുത്തുള്ളി 20 ഗ്രാം
ബാർസോപ്പ് 10 ഗ്രാം
വെള്ളം 1 ലിറ്റർ
ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലി വെള്ളമെടുത്ത് ബാർസോപ്പ് ചെറുതായി മുറിച്ച് ലയിപ്പിച്ച് അരിച്ചെടുക്കുക, വെളുത്തുള്ളി നല്ലവണ്ണം അരച്ചെടുത്ത് സത്ത് പിഴിഞ്ഞെടുത്ത് അരിച്ച് ചേർക്കുക.ഇതിൽ വേപ്പെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഈ കീടനാശിനി ചെടികൾക്ക് തളിച്ച് കൊടുക്കാം.( ഇലകൾക്ക് അടിവശത്തായി തളിച്ച് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
3. നാറ്റപ്പൂ / അരിപ്പൂ(കൊങ്ങിണി)+ സോപ്പ് മിശ്രിതം:
നാറ്റപ്പൂ അല്ലെങ്കിൽ അരിപ്പൂ ചെടി ചതച്ച് പിഴിഞ്ഞ് ബാർസോപ്പ് ലായനിയിൽ കലർത്തി ചെടികളിൽ സ്പ്രൈ ചെയ്യാം.
4.പെരുവല്ലം / വട്ടപ്പുര ഇലകൾ അരച്ചെടുത്ത് പുളിച്ച കഞ്ഞിവെള്ളത്തിൽ കലർത്തി അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്യാം.
5.ഗോമൂത്ര +പച്ചില ലായനി
ഒരു പാത്രത്തിൽ പഴകിയ ഗോമൂത്രം എടുത്ത് പപ്പായയുടെയും മരച്ചീനിയുടെയും മൂത്തുപാകമായ ഇലകൾ മുഴുവനായി മുങ്ങിക്കിടക്കുവാൻ പാകത്തിൽ അരിഞ്ഞുചേര്ക്കുക. പാത്രം വായുനിബദ്ധമായി അടച്ച് തണലിൽ സൂക്ഷിക്കുക. ഒരു മാസം ആകുമ്പോൾ ഇലകളെല്ലാം അഴുകി ഗോമൂത്രത്തിൽ അലിഞ്ഞുചേർന്നതായിക്കാണാം. തയ്യാറായ ലായനി അരിച്ചെടുത്ത് പന്ത്രണ്ട് ഇരട്ടി വെള്ളം ചേര്ത്ത് നേര്പ്പിച്ചശേഷം സ്പ്രേ ചെയ്യാം. ഒരു വർഷം വരെ ഇത് ഉപയോഗിക്കാം.
6.പുളിച്ച കഞ്ഞിവെള്ളം തളിക്കുന്നത്.
7.നല്ലത്പോലെ അരിച്ചെടുത്ത ചാരം മഞ്ഞൾ പൊടി കലർത്തി ഇലകളിൽ വിതറാം.
ഒരേതരം കീടനാശിനികൾ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇത്തരം കീടനാശിനികൾ മാറി മാറി ഉപയോഗിക്കുന്നത്തിലൂടെ കീടബാധ പരിപൂർണ്ണമായി ഒഴിവാക്കാം.
NB: ശ്രീ അരുൺകുമാർ രാജസ്ഥാനിലെ ജോധ്പുരിൽ പഠനങ്ങൾ നടത്തി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
കുറച്ച് പശുവിൻ പാലിൽ (തിളപ്പിക്കാത്തത്) സമം വെള്ളം ചേർത്തതിൽ വിത്തുകൾ കുതിർത്ത് വെക്കുന്നു. ട്രൈക്കോഡെർമ എന്ന മിത്ര കുമിൾകൊണ്ട് പുഷ്ഠിപ്പെടുത്തിയ മണ്ണിൽ വിത്തുകൾ പാകുന്നു.തൈകൾ മാറ്റിനടുമ്പോൾ 20% പാൽ ചേർത്ത ലായനി തളിക്കുന്നു.( അതായത് 20 മില്ലി പാലും 80 മില്ലി വെള്ളവും ചേർത്ത്).പിന്നീട് ഓരോ 15 ദിവസം കൂടുമ്പോഴും 15% പാൽ ലായനി ( അതായത് 15 മില്ലി പാലും 85 മില്ലി വെള്ളവും ചേർത്ത്) ചെടികൾക്ക് സ്പ്രേ ചെയ്യുന്നു.ഇതിലൂടെ മുളക് ചെടികൾക്ക് യാതൊരു കീടബാധയും ഉണ്ടായില്ല എന്ന് ഈ പഠന റിപ്പോർട്ട് അവകാശ പ്പെടുന്നു. പാലിൽ കാണുന്ന Bacillus thunginesis എന്ന മിത്ര ബാക്റ്റീരിയ ചെടികൾക്ക് രോഗ പ്രതിരോധ ശക്തി നൽകുമെന്നും,കീട ബാധ ചെറുക്കാനുള്ള കഴിവ് നൽകുമെന്നും പല പഠനങ്ങളും അവകാശപ്പടുന്നു.
(ഞാൻ ഇത് വരെ ഈ രീതി പരീക്ഷിച്ച് നോക്കിയിട്ടില്ല എന്നതിനാൽ ഇതിന്റെ ഗുണഫലം നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ ഉടൻ തന്നെ ഈ രീതി പരീക്ഷിച്ച് വിവരം എല്ലാവരുമായി പങ്ക് വെക്കുന്നതാണ്.)
No comments:
Post a Comment