Wednesday, January 20, 2021

എള്ള് കൃഷി:


വളരെയധികം പോഷക സമ്പന്നവും ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒരു ധാന്യ  വിള ആണ് എള്ള്. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നത് കൂടാതെ   മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയാലും   സമ്പന്നമാണ്.

പൊതുവെ വളരെ എളുപ്പം ചെയ്യാവുന്നതും പരിചരണങ്ങൾ വളരെ കുറച്ച് മാത്രം വേണ്ടുന്നതുമായ വിളയാണിത്.വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായ മണ്ണാണ് എള്ളു കൃഷിക്ക് അനുയോജ്യം. 

കരക്കൃഷി ഓഗസ്റ്റ്–ഡിസംബർ മാസങ്ങളിലും വയൽ കൃഷി രണ്ടാം വിളക്ക് ശേഷം  ഡിസംബർ –ഏപ്രിൽ മാസങ്ങളിലും ചെയ്യാം. കരപ്പാടങ്ങളിൽ മൂപ്പു കൂടിയ ഇനങ്ങളും നെൽപ്പാടങ്ങളിൽ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷി ചെയ്യുവാൻ നല്ലത്.

തെങ്ങിൻ തോട്ടങ്ങളിലും മറ്റ് വിളകളുടെയും ഇടവിള ആയി ചെയ്യാവുന്ന ഒരു കൃഷി കൂടിയാണിത്. പൊതുവെ നല്ല വിളവ് ലഭിക്കും എന്നതിനാൽ സ്വന്തം ആവശ്യത്തിന് ഒന്നോ രണ്ടോ തടം ആയും ഇവ കൃഷി ചെയ്യാം .ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ കടകളിൽ നിന്നും ലഭിക്കുന്ന ഫ്രഷ് ആയ എള്ള് വിത്ത് ആയി ഉപയോഗിക്കാം. നല്ല ഭംഗിയുള്ള പൂക്കൾ നൽകുന്ന ഈ ചെടി കുറച്ച് തൈകൾ നട്ട് പിടിപ്പിച്ചാൽ അടുക്കളത്തോട്ടങ്ങളും ആകർഷകമാക്കാം.

എള്ള്കൃഷി ആരംഭിക്കാൻ ഭൂമി നല്ലവണ്ണം കിളച്ച് മണ്ണിളക്കിയിടണം,  അടിവളമായി ചാണകമോ കംപോസ്റ്റോ ചേർക്കാം. വളരെ ചെറിയ വിത്തായതിനാൽ നിലം നല്ലവണ്ണം കിളച്ച് / ഉഴുത്  കട്ടകൾ ഉടച്ചു കളകളും മറ്റും നീക്കം ചെയ്തു മണ്ണ് വേണം കൃഷിയിറക്കാൻ. 
വിതക്കുന്നത് എളുപ്പമാക്കാൻ  രണ്ടോ മൂന്നോ ഇരട്ടി മണൽ ചേർക്കാം.

വിതച്ചതിനു ശേഷം പതിനഞ്ചാം ദിവസം ആദ്യ ഇടയിളക്കലും കളകൾ നീക്കം ചെയ്യലും അധികമായുള്ള തൈകൾ നീക്കം ചെയ്യലും നടത്തണം.  
ചെടികൾ തമ്മിൽ 15 മുതൽ 25 സെന്റി മീറ്റർ വരെ അകലം നില നിർത്താം. നിറയെ ശാഖകൾ ഉണ്ടായി നല്ല വിളവ് ലഭിക്കാൻ ഈ അകലം സഹായിക്കും.
ഇരുപത്തഞ്ചാം ദിവസം രണ്ടാമത്തെ കളപറിക്കൽ ചെയ്യണം.  ആവശ്യമാണെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ ജലസേചനം നടത്താം.

സാധാരണ മൂന്ന് മാസം ആണ് എള്ള് കൃഷിയുടെ കാല പരിധി.  75 മുതൽ 90 ദിവസം വരെ വിള കാലാവധി ഉള്ള ഇനങ്ങൾ ലഭ്യമാണ്.

ഇലകൾ മഞ്ഞനിറം ബാധിച്ചു കൊഴിഞ്ഞു തുടങ്ങുകയും കായ്കൾ മഞ്ഞനിറമാവുകയും താഴത്തെ കായ്കൾ വിളഞ്ഞു പൊട്ടുവാൻ  തുടങ്ങുന്നതോടെ വിളവെടുക്കാൻ പാകമായി എന്ന് മനസ്സിലാക്കാം.

വിളവെടുപ്പ്  രാവിലെയാണു ചെയ്യേണ്ടത്. 
ചെടികൾ പിഴുത് എടുത്ത്   ചുവടുഭാഗം മുറിച്ചു കളഞ്ഞതിനു ശേഷം ചെറിയ കെട്ടുകളാക്കി മൂന്ന് നാല് ദിവസം അടുക്കിവെക്കുക.

പിന്നീട് ഇലകൾ കുടഞ്ഞു കളഞ്ഞ് ഷീറ്റിലോ മറ്റോ വിരിച്ച്  നാലു ദിവസം വെയിലത്ത് ഉണക്കുക.ഉണങ്ങിയ ശേഷം  ചെറിയ കമ്പ് ഉപയോഗിച്ച് അടിച്ച്  വിത്തുകൾ വേർതിരിച്ചെടുക്കാം.

ഒരേക്കറിൽ നിന്നും കുറഞ്ഞത് 150- 200 കിലോ വരെ വിളവ് പ്രതീക്ഷിക്കാം.