Tuesday, March 5, 2019

കർഷക ആത്മഹത്യ

കർഷക ആത്മഹത്യ....

കൃഷി അത് ഉപജീവന മാർഗം മാത്രമല്ല
ഒരു സംസ്കാരം ആകുന്നു.
ഒരു നല്ല കർഷകൻ സമയത്തിന്
വളരെ പ്രാധാന്യം നല്കുന്നയാൾ ആയിരിക്കും.

അയാളുടെ ജീവിതത്തിന് ഒരു താളക്രമം ഉണ്ടായിരിക്കും.

മണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ അയാൾക്ക് സാധിക്കും.
അതുപോലെ പ്രായത്തെ തോൽപ്പിക്കുവാനും.

അയാൾ ചിലപ്പോൾ പഠിതാവ് ആയിരിക്കും
ചിലപ്പോൾ രസതന്ത്രജ്ഞനായും,
വൈദ്യരായും,
ചെറിയ കണ്ടുപിടുത്തങ്ങൾ ഒക്കെ നടത്തുന്ന ഒരു ശാസ്ത്രജ്ഞൻ ആയും,
വേഷ പകർച്ചകൾ കൈകൊണ്ടേക്കാം....

വിത്ത് വിതച്ച് ചെറു മുളകൾ വരുന്നത് മുതൽ
പൂക്കളും കായ്കളും ഒക്കെയായി
കൃഷി ഭൂമി നിറയുമ്പോൾ അവന്റെ മനസ്സ് നിറയും ...
പക്ഷെ
കീടങ്ങളും മറ്റ് രോഗങ്ങളും വന്ന് ചെടികൾ ഉണങ്ങുമ്പോൾ
അവന്റെ മനസ്സും വേദനിക്കും.

ഒരു വിത്ത് മണ്ണിൽ നട്ടാൽ
അത് മുളക്കുന്നത് വരെ നനക്കുമ്പോളും
ആദ്യ വളം ചെയ്യുമ്പോഴും
പിന്നെ ഓരോ ഘട്ടങ്ങളിലും കാർഷിക പ്രവർത്തികൾ
 മാറി മാറി ചെയ്യുമ്പോഴും
സമയത്തിന് വളരെ പ്രാധാന്യമുണ്ട് .
അവന് അറിയാം ഇന്ന് നൽകേണ്ട വളം
ഒരാഴ്ച്ച കഴിഞ്ഞു ചെയ്തത് കൊണ്ട് കാര്യം ഇല്ലെന്ന് ...
ഇന്ന് വിളവ് എടുക്കേണ്ടതുണ്ടെങ്കിൽ അത് ഇന്ന് തന്നെ ചെയ്യണം
നാളെത്തേക്ക് മാറ്റിയാൽ അത് മൂത്ത് പോകാനും
 ഉപകാരം ഇല്ലാതെ ആകാനും സാധ്യത ഉണ്ട് .
അത് കൊണ്ടാണ് അവൻ എന്നും സമയത്തിന് വില നൽകുന്നത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്
വിശപ്പ് മാറ്റുക എന്നുള്ളത്
അതിന്
കർഷകന്റെ സഹായം കൂടിയേ തീരൂ.

പിന്നെ എന്ത് കൊണ്ട് അയാൾ
ആത്മഹത്യയുടെ പാത തിരഞ്ഞു പോകേണ്ട അവസ്ഥ വരുന്നു?

ഒരു ചെറുപയർ മണി മണ്ണിലിട്ടാൽ
മുളക്കുമ്പോഴും പൂക്കൾ പിടിക്കുമ്പോഴും നനവ് കിട്ടിയാൽ
ചെറിയ ഒരു വള പ്രയോഗവും ഉണ്ടെങ്കിൽ നാല്പത്തി അഞ്ചു ദിവസം ആകുമ്പോഴേക്കും കുറഞ്ഞത് പത്ത് വാൾ എങ്കിലും ആ ചെടിയിൽ ഉണ്ടായിരിക്കും ഒരു വാളിൽ കുറഞ്ഞത് അഞ്ചു മണികൾ ഉണ്ടായാൽ തന്നെ
മൊത്തം ആ ചെടിയിൽ നിന്നും ലഭിക്കുന്ന പയർ മണികൾ അമ്പത് എണ്ണം .
അതായത് രണ്ടു മാസം കൊണ്ട് ഒരു പയർ മണി അമ്പത് എണ്ണമാകുന്നു.
ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഏതൊരു മുതലിനെയും ഇത്രക്കും ഇരട്ടിപ്പിക്കുവാൻ കഴിയുന്നത് കര്ഷകന് മാത്രമാണ്.

പക്ഷെ
ഇന്നത്തെ വർധിച്ച് വരുന്ന കൂലി നിരക്ക്
ഭൂമിയുടെ ഉയർന്ന വില,
ഉത്പന്നങ്ങളുടെ വില തകർച്ച ,
കീട ബാധ ,
കാലാവസ്ഥ വ്യതിയാനങ്ങൾ,
കുടുംബത്തിന്റെ  ആരോഗ്യ പ്രശ്നങ്ങൾ ,
കുട്ടികളുടെ വിദ്യാഭ്യാസം ...

എന്നിവയൊക്കെയും പോരാതെ
അവന് അർഹത പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന ഒരു വിഭാഗവും,
ഉത്പന്നങ്ങളുടെ വില കുറച്ച് തട്ടിയെടുക്കുന്ന ഇടത്തരക്കാരും,
എല്ലാവരും ചേർന്ന് ഒരു കർഷകന്റെ ജീവിതം ആകെ കലുഷിതമാക്കുന്നു.

കാർഷിക ലോണിന്റെ കാര്യം പരിശോധിച്ചാൽ തന്നെ
ഒരു കാര്യം വ്യക്തമാകും
ബഹു ഭൂരിപക്ഷം കാർഷിക ലോണും  എടുക്കുന്നത്
കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടിയാണ് എന്ന് .

കൃഷിയെ മാത്രം ആശ്രയിക്കുന്ന ഒരാൾക്ക്
ഇന്നത്തെ ലോകത്ത് പിടിച്ച് നിൽക്കണമെങ്കിൽ
കാർഷിക മേഖലയിൽ അടുത്ത കാലത്തായി ഉണ്ടായ
 മാറ്റങ്ങൾ  ഉൾകൊണ്ട് കൊണ്ട് മുന്നോട്ട് മുന്നോട്ട് പോകേണ്ടതുണ്ട്.

അതിന് അവനെ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്‌ഷ്യം
ആയിരിക്കണം നമ്മുടെ സമൂഹത്തിനും സർക്കാരിനും ഉണ്ടാകേണ്ടത്.

അത്തരമൊരു ചുമതല നമ്മൾ ഏറ്റെടുക്കുന്ന പക്ഷം
കർഷക ആത്മഹത്യ എന്ന സാമൂഹ്യ വിപത്തിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കും എന്ന് പ്രത്യാശിക്കാം.