Friday, July 19, 2019

സ്റ്റാർ ഫ്രൂട്ട്


കാരമ്പോല എന്നും
സ്റ്റാർ വിലുമ്പി എന്നും വിളിക്കാറുണ്ട്.
ശാസ്ത്ര നാമം :
Averrhoa carambola

ഇത് ഇന്തോനേഷ്യൻ /ശ്രീലങ്കൻ വംശജനാണെന്ന് വിശ്വസിക്കുന്നു.
മുറിച്ച കഷണങ്ങൾക്ക് നക്ഷത്ര രൂപത്തിൽ കിട്ടുന്നത് കൊണ്ടാണ് സ്റ്റാർ ഫ്രൂട്ട് എന്ന പേര് വന്നത്.


ഇത് പാചകം ചെയ്തും പച്ചയ്ക്കും കഴിക്കാറുണ്ട്.

പുളിയും മധുരവും കലർന്ന രുചിയുള്ള ഈ പഴങ്ങൾ അച്ചാറും കറികളും ഉണ്ടാക്കുവാനും,   സലാഡിൽ അലങ്കരിക്കാനും ഉപയോഗിക്കുന്നു.

ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ -സി അടങ്ങിയിട്ടുണ്ട്.

വിറ്റമിൻ- സി യുടെ പ്രധാന ഗുണങ്ങൾ 
ആന്റി  ഓക്സിഡന്റ് സ്വഭാവം 
പ്രതിരോധ ശക്തി നൽകുന്നു,
ആരോഗ്യമുള്ള ചർമ്മവും,മുടി, നഖങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നു,
കാൽസിയം,ഇരുമ്പ് എന്നിവയുടെ ആഗിരണം ത്വരിത പെടുത്തുന്നു....


പക്ഷെ 

ഇതിന്റെ ഗുണഫലങ്ങൾ കേട്ട് ആവശ്യത്തിലധികം സ്റ്റാർഫ്രൂട് കഴിക്കാൻ നിൽക്കേണ്ട.
വൃക്ക രോഗമുള്ളവർ സ്റ്റാർ ഫ്രൂട്ട് അധികം കഴിച്ചാൽ അസുഖം മാരകമായേക്കാം. 
ഉയർന്ന അളവിലുള്ള OXALIC ആസിഡ് ആണ് ഇതിന് കാരണം.

Thursday, July 18, 2019

ചീരച്ചേമ്പ്‌


മറ്റ് പേരുകൾ:

മക്കളെ പോറ്റി

Tahitian spinach,
Tahitian taro.

ശാസ്ത്രനാമം :
Xanthosoma brasiliense.

സമീപ കാലത്തായി കേരളത്തിലെ തീന്മേശകളിൽ ഇടം പിടിച്ച ഭക്ഷ്യ യോഗ്യമായ ഇല വർഗ്ഗമാണ് ചീരച്ചേമ്പ്.

സാധാരണ കണ്ടു വരുന്ന ചേമ്പിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഇലകളും  തണ്ടും പാചകം ചെയ്‌താൽ ചൊറിച്ചിൽ അനുഭവ പ്പെടുകയില്ല.

ഇത് Tahitian ദ്വീപിൽ നിന്നും ഹവായ്യിൽ എത്തിച്ചേർന്നു എന്നും അത് കൊണ്ട് ഇതിന്റെ പേര് Tahitian spinach എന്ന് അറിയപ്പെട്ടു.

ഇതിന്റെ ഇലകളും തണ്ടും പ്രോട്ടീൻ,ഇരുമ്പ്,പൊട്ടാസ്യം,ഫൈബർ,വിറ്റാമിൻ A,B,C എന്നിവയുടെ നല്ലൊരു സ്രോതസ്സാണ്.

ഈ ഇനം ചേമ്പിന് കിഴങ്ങ് ഉണ്ടാക്കാറില്ല.
മാതൃസസ്യത്തിന് ചുറ്റുമായി അനേകം തൈകൾ മുളക്കുന്നതാണ്.
ഈ ചെറു തൈകൾ മാറ്റി നട്ട് വംശ വര്ധദ്ധനവ് നടത്തുന്നു.

തൈകൾ നട്ട് 6 -8 ആഴ്ച്ച കൊണ്ട് ആദ്യത്തെ വിളവ് എടുക്കാവുന്നതാണ്.


Saturday, April 6, 2019

നന്നാറി

നന്നാറി
നറുനീണ്ടി
(Indian Sarsaparilla)


നല്ലൊരു ദാഹശമനി
കൂടാതെ സർബത്ത് ആയും soft drink കളിലും വ്യാപകമായി ഉപയോഗിക്കുന്നു. 
ഔഷധ ഗുണങ്ങൾ ഒത്തിരിയുണ്ട്.
ഇതിന്റെ വേരാണ് ഉപയോഗിക്കുന്നത്
പക്ഷെ പലപ്പോഴും കിളച്ചാൽ വേര് മുഴുവനായി ലഭിക്കാറില്ല.
ഞാൻ നന്നാറി നടുന്ന രീതി.
4ഇഞ്ച് pvc പൈപ്പ് (ഉപയോഗ ശൂന്യമായത് മതിയാകും )കുറഞ്ഞത് ഒരടി മുതൽ ഒരു മീറ്റർ വരെ നീളമുള്ളതിൽ പോട്ടിങ് മിക്സ്ചർ നിറച്ച് തൈകൾ നട്ടാൽ ഒരു വർഷം കഴിഞ്ഞാൽ നല്ല വേര് ഇഷ്ടം പോലെ ലഭിക്കും.

നീർ കൂവ

നീർ കൂവ 
കിണറ്റിൽ കൂവ 
Legendera toxicaria

ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്നു. 
പണ്ട് കാലങ്ങളിൽ കിണറുകളിൽ ഈ സസ്യം വളർത്തിയിരുന്നു. 
സമീപ കാലത്തായി ശ്രീമതി എം മിനി നടത്തിയ ഗവേഷണത്തിൽ ഈ സസ്യത്തിന് ഇ കോളി ബാക്ടീരിയ യെ നിയന്ത്രിക്കാൻ അപാരമായ കഴിവുള്ളതായി കണ്ടെത്തുകയും ആയത് രാജ്യാന്തര ജേർണലിൽ പ്രസിദ്ധീകരിക്കുകയും ഉണ്ടായി.
മനുഷ്യ /മൃഗ വിസർജ്യങ്ങളിൽ നിന്നാണ് സാധാരണ ഇ കോളി പരക്കുന്നത്.

എന്റെ മൽസ്യ കുളം.

.

എന്റെ വീട് നിൽക്കുന്ന സ്ഥലം പൊതുവെ വരണ്ട ഭൂമി ആയിരുന്നു. ജൈവാംശം കുറഞ്ഞ ലാറ്ററൈറ് മണ്ണ് പച്ചക്കറി കൃഷി അതി കഠിനം ആയിരുന്നു. തെങ്ങും വാഴയുമൊക്ക നന്നാവുമെങ്കിലും പച്ചക്കറികൃഷിക്ക് സാധാരണയിലേറെ അധ്വാനിക്കേണ്ടി വരാറുണ്ട്.
മഴമറ കൃഷിയും പരാജയം ആയിരുന്നു.
കഴിഞ്ഞ ജൂലൈ മാസം ആണ് ഒരു മത്സ്യ കുളം നിർമ്മിക്കാൻ തീരുമാനിച്ചത്.
ഒരു പടുതകുളം (2.5x2.5x1.5mtr )സ്വന്തമായി നിർമിച്ചു. 
പലപ്പോഴും ഇതിലെ വെള്ളമാണ് പച്ചക്കറിക്ക് നനക്കാൻ ഉപയോഗിക്കുന്നത്.
70 തിലോപ്പിയ, രേഹു  കട്ല കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.
ഇപ്പോൾ മീൻ വിളവെടുക്കാറായിട്ടുണ്ട്
പക്ഷെ അതിലെക്കാൾ അധികം സന്തോഷം നൽകുന്നത്.
കുളത്തിന്റെ പരിസരത്ത് ഗ്രോ ബാഗിൽ പച്ചക്കറിയൊക്കെ നല്ല വിളവ് നൽകുന്നുണ്ട്.
ആകെ നല്ലൊരു പച്ചപ്പ്.
ഇതിലൊക്കെ ഉപരിയായി
കുളത്തിൽ മൽസ്യങ്ങൾ സ്വാഭാവികം ആയി ബ്രീഡ് ആകുന്നു.....
വിരലോളം വലുപ്പത്തിൽ ഉള്ള മത്സ്യ കുഞ്ഞുങ്ങൾ കുളത്തിൽ നീന്തി കളിക്കുന്നു.
ഇതൊക്കെയല്ലേ സന്തോഷം.....


Tuesday, March 5, 2019

കർഷക ആത്മഹത്യ

കർഷക ആത്മഹത്യ....

കൃഷി അത് ഉപജീവന മാർഗം മാത്രമല്ല
ഒരു സംസ്കാരം ആകുന്നു.
ഒരു നല്ല കർഷകൻ സമയത്തിന്
വളരെ പ്രാധാന്യം നല്കുന്നയാൾ ആയിരിക്കും.

അയാളുടെ ജീവിതത്തിന് ഒരു താളക്രമം ഉണ്ടായിരിക്കും.

മണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ അയാൾക്ക് സാധിക്കും.
അതുപോലെ പ്രായത്തെ തോൽപ്പിക്കുവാനും.

അയാൾ ചിലപ്പോൾ പഠിതാവ് ആയിരിക്കും
ചിലപ്പോൾ രസതന്ത്രജ്ഞനായും,
വൈദ്യരായും,
ചെറിയ കണ്ടുപിടുത്തങ്ങൾ ഒക്കെ നടത്തുന്ന ഒരു ശാസ്ത്രജ്ഞൻ ആയും,
വേഷ പകർച്ചകൾ കൈകൊണ്ടേക്കാം....

വിത്ത് വിതച്ച് ചെറു മുളകൾ വരുന്നത് മുതൽ
പൂക്കളും കായ്കളും ഒക്കെയായി
കൃഷി ഭൂമി നിറയുമ്പോൾ അവന്റെ മനസ്സ് നിറയും ...
പക്ഷെ
കീടങ്ങളും മറ്റ് രോഗങ്ങളും വന്ന് ചെടികൾ ഉണങ്ങുമ്പോൾ
അവന്റെ മനസ്സും വേദനിക്കും.

ഒരു വിത്ത് മണ്ണിൽ നട്ടാൽ
അത് മുളക്കുന്നത് വരെ നനക്കുമ്പോളും
ആദ്യ വളം ചെയ്യുമ്പോഴും
പിന്നെ ഓരോ ഘട്ടങ്ങളിലും കാർഷിക പ്രവർത്തികൾ
 മാറി മാറി ചെയ്യുമ്പോഴും
സമയത്തിന് വളരെ പ്രാധാന്യമുണ്ട് .
അവന് അറിയാം ഇന്ന് നൽകേണ്ട വളം
ഒരാഴ്ച്ച കഴിഞ്ഞു ചെയ്തത് കൊണ്ട് കാര്യം ഇല്ലെന്ന് ...
ഇന്ന് വിളവ് എടുക്കേണ്ടതുണ്ടെങ്കിൽ അത് ഇന്ന് തന്നെ ചെയ്യണം
നാളെത്തേക്ക് മാറ്റിയാൽ അത് മൂത്ത് പോകാനും
 ഉപകാരം ഇല്ലാതെ ആകാനും സാധ്യത ഉണ്ട് .
അത് കൊണ്ടാണ് അവൻ എന്നും സമയത്തിന് വില നൽകുന്നത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്
വിശപ്പ് മാറ്റുക എന്നുള്ളത്
അതിന്
കർഷകന്റെ സഹായം കൂടിയേ തീരൂ.

പിന്നെ എന്ത് കൊണ്ട് അയാൾ
ആത്മഹത്യയുടെ പാത തിരഞ്ഞു പോകേണ്ട അവസ്ഥ വരുന്നു?

ഒരു ചെറുപയർ മണി മണ്ണിലിട്ടാൽ
മുളക്കുമ്പോഴും പൂക്കൾ പിടിക്കുമ്പോഴും നനവ് കിട്ടിയാൽ
ചെറിയ ഒരു വള പ്രയോഗവും ഉണ്ടെങ്കിൽ നാല്പത്തി അഞ്ചു ദിവസം ആകുമ്പോഴേക്കും കുറഞ്ഞത് പത്ത് വാൾ എങ്കിലും ആ ചെടിയിൽ ഉണ്ടായിരിക്കും ഒരു വാളിൽ കുറഞ്ഞത് അഞ്ചു മണികൾ ഉണ്ടായാൽ തന്നെ
മൊത്തം ആ ചെടിയിൽ നിന്നും ലഭിക്കുന്ന പയർ മണികൾ അമ്പത് എണ്ണം .
അതായത് രണ്ടു മാസം കൊണ്ട് ഒരു പയർ മണി അമ്പത് എണ്ണമാകുന്നു.
ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഏതൊരു മുതലിനെയും ഇത്രക്കും ഇരട്ടിപ്പിക്കുവാൻ കഴിയുന്നത് കര്ഷകന് മാത്രമാണ്.

പക്ഷെ
ഇന്നത്തെ വർധിച്ച് വരുന്ന കൂലി നിരക്ക്
ഭൂമിയുടെ ഉയർന്ന വില,
ഉത്പന്നങ്ങളുടെ വില തകർച്ച ,
കീട ബാധ ,
കാലാവസ്ഥ വ്യതിയാനങ്ങൾ,
കുടുംബത്തിന്റെ  ആരോഗ്യ പ്രശ്നങ്ങൾ ,
കുട്ടികളുടെ വിദ്യാഭ്യാസം ...

എന്നിവയൊക്കെയും പോരാതെ
അവന് അർഹത പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന ഒരു വിഭാഗവും,
ഉത്പന്നങ്ങളുടെ വില കുറച്ച് തട്ടിയെടുക്കുന്ന ഇടത്തരക്കാരും,
എല്ലാവരും ചേർന്ന് ഒരു കർഷകന്റെ ജീവിതം ആകെ കലുഷിതമാക്കുന്നു.

കാർഷിക ലോണിന്റെ കാര്യം പരിശോധിച്ചാൽ തന്നെ
ഒരു കാര്യം വ്യക്തമാകും
ബഹു ഭൂരിപക്ഷം കാർഷിക ലോണും  എടുക്കുന്നത്
കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടിയാണ് എന്ന് .

കൃഷിയെ മാത്രം ആശ്രയിക്കുന്ന ഒരാൾക്ക്
ഇന്നത്തെ ലോകത്ത് പിടിച്ച് നിൽക്കണമെങ്കിൽ
കാർഷിക മേഖലയിൽ അടുത്ത കാലത്തായി ഉണ്ടായ
 മാറ്റങ്ങൾ  ഉൾകൊണ്ട് കൊണ്ട് മുന്നോട്ട് മുന്നോട്ട് പോകേണ്ടതുണ്ട്.

അതിന് അവനെ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്‌ഷ്യം
ആയിരിക്കണം നമ്മുടെ സമൂഹത്തിനും സർക്കാരിനും ഉണ്ടാകേണ്ടത്.

അത്തരമൊരു ചുമതല നമ്മൾ ഏറ്റെടുക്കുന്ന പക്ഷം
കർഷക ആത്മഹത്യ എന്ന സാമൂഹ്യ വിപത്തിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കും എന്ന് പ്രത്യാശിക്കാം.