ആകാശ വെള്ളരി
വിള പരിചയം
പാഷൻഫ്രൂട്ട് ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതേ കുടുംബത്തിൽ പെട്ടതാണെങ്കിലും നമ്മുടെ നാട്ടിൽ അധികം പ്രചാരം ലഭിച്ച് കാണാത്ത ഒരു വിളവ് ആണ് ജയന്റ് പാഷൻ ഫ്രൂട്ട്, ജയന്റ് ഗ്രാന്റിലിയ എന്ന ആകാശ വെള്ളരി.
ഒരിക്കൽ നട്ടാൽ നൂറിലധികം വർഷം നിലനിൽക്കുമെന്നതിനാൽ ഒരു സുസ്ഥിര വിള എന്നനിലക്ക് ഇതിന് വളരെ പ്രാധാന്യം ഉണ്ട്.
പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, നാരുകള്‍, എന്നിവയാൽ സമ്പുഷ്ടമാണ് ആകാശ വെള്ളരി.
ഇത് പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്ത് കാണുന്നു.
ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പറിച്ചെടുത്ത് പച്ചക്കറിയായി ഉപയോഗിക്കാം. തോരൻ , കറികൾ എന്നിവ തയ്യാറാക്കാൻ ഇളം കായകൾ ഉപയോഗിക്കാം.
വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ മഞ്ഞ നിറമായി മാറും. പഴുത്ത പഴത്തിന്റെ പുറം തോൽ ചെത്തിക്കളഞ്ഞ് ഉൾഭാഗത്തെ മാംസളമായ കാമ്പും പള്‍പ്പും ജ്യൂസ്സായി ഉപയോഗിക്കാം.
ഇത് കൂടാതെ പഴുത്ത പഴങ്ങൾ ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു.
ചില രാജ്യങ്ങളിൽ ഇതിന്റെ ഇലകൾ ഔഷധ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
കൃഷി രീതി : വിത്തുപയോഗിച്ചും, തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. വിത്തിൽനിന്നും മുളച്ച തൈകൾ വിളവ് തരാൻ രണ്ട് വർഷത്തിൽ കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ തണ്ട് വേര് പിടിപ്പിച്ച് നടുന്നതാണ് നല്ലത്. തണ്ടിൽ നിന്നും മുളപ്പിച്ച തൈകളിൽ ഒരുവർഷം കൊണ്ട് തന്നെ കായകൾ ഉണ്ടാകും.
വന്യമായി പടരുന്ന ഇനമാകയാൽ ആകാശവെള്ളരി നടുന്നതിന് വിശാലമായ സ്ഥലം തന്നെ ആവശ്യമുണ്ട്. വൻമരംപോലും മുഴുവനായി മൂടും എന്നതിനാൽ പന്തലിൽ പടർത്തുന്നതാണ് നല്ലത്.
ഒന്നര അടി സമചതുരത്തിൽ കുഴിയെടൂത്ത് ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി മേൽമണ്ണ് നിറച്ച ശേഷം തൈകൾ നടാം.. തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ ഉണ്ടാകാൻ തുടങ്ങും. വേനൽക്കാലം ആവശ്യമായ ജലസേചനം ഉറപ്പാക്കണം.
വണ്ടുകളാണ് പരാഗണം നടത്തുന്നത്. ഒട്ടേറെ പൂക്കൾ ഉണ്ടാകുമെങ്കിലും ശരിയായ പരാഗണം നടക്കാത്തപക്ഷം കായ ഉണ്ടാകുന്നത് കുറവായിരിക്കും. കായ്‌ഫലം കുറവാണെന്ന കാരണത്താൽ ചെടികൾ തന്നെ വെട്ടിമാറ്റുന്ന അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്.ശരിയായ പരാഗണത്തിന്റെ കുറവാണ് ഇതിന് കാരണം. പടർന്ന് പിടിക്കുന്നകാരണം കുറെയേറെ സ്ഥല സൗകര്യം വേണമെന്നതിനാൽ ഇത്തരമൊരു സൗകര്യം ഉറപ്പാക്കിയ ശേഷം മാത്രമേ ആകാശവെള്ളരി കൃഷി ചെയ്യാൻ പാടുള്ളൂ.
No comments:
Post a Comment