ചതുരപ്പയർ
കേരളത്തിൽ കുറെയേറെ വർഷങ്ങളായി അടുക്കളത്തോട്ടത്തിന്റെ ഒരു പ്രധാന ആകർഷണമായി മാറിയ വിള ആണ് ചതുരപ്പയർ. നല്ല ഒരു സുസ്ഥിര കൃഷി ഇനം കൂടിയാണിത്.
മൂന്ന് പ്രധാന ഇനങ്ങൾ ഉണ്ടെങ്കിലും ( സാധാരണ ഇനം,നീളം കൂടിയത്, പർപ്പിൾ ) ഇടത്തരം വലുപ്പമുള്ള കായകൾ ഉണ്ടാകുന്ന ഇനമാണ് സാധാരണയായി കണ്ടു വരുന്നത്.
കായയുടെ നാല് ഭാഗത്തേയ്ക്കും വളരുന്ന ചിറകുകൾ പോലെയുള്ള അരികുകൾ ആണ് ഇതിന്റെ പ്രത്യേകത. സാധാ പയറിനേക്കാൾ എട്ട് മടങ്ങു് പ്രോട്ടീൻ ( മാംസ്യം ) അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ് ഇതിനെ ചിലർ "ഇറച്ചി പയർ" എന്ന് വിളിക്കുന്നത്.
ദൈർഘ്യം കുറഞ്ഞ പകൽ ചതുര പയർ പൂക്കാൻ നിര്ബന്ധമാണ്. ഈ ഒരു പ്രകാശസംവേദന സ്വഭാവം കാരണം ഒക്ടോബർ ,നവംബർ മുതലായ മാസങ്ങളിലാണ് സാധാരണയായി പൂക്കൾ ഉണ്ടാകുന്നത് .ഏത് സമയം നട്ടാലും ഈ ഒരു സീസണിൽ മാത്രം കായ്ക്കുന്നതിനാലാണ് ചിലർ "മച്ചി പയർ" എന്നും വിളിക്കുന്നു.
കായകൾ കൂടാതെ ഇലകൾ ,പൂക്കൾ,കിഴങ്ങ് എന്നിവ ഭക്ഷ്യ യോഗ്യമാണെങ്കിലും കായ മാത്രമാണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുള്ളത്.
നല്ല വിളവ് നൽകുമെങ്കിലും ഇളം കായകൾ മാത്രമാണ് പാചകയോഗ്യം. മൂപ്പ് എത്തുന്നതോടെ നാരുകൾക്ക് കട്ടിയേറും എന്നതിനാൽ ഇളം കായകൾ പാചകം ചെയ്‌താൽ മാത്രമേ സ്വാദ് ഉണ്ടാകുകയുള്ളൂ.
ഇതിന്റെ വിത്ത് മുളക്കാൻ 10 ദിവസം എങ്കിലും വേണ്ടിവരുന്നതാണ്. സാധാരണയായി ജൂലൈ ആഗസ്ത് മാസങ്ങളിൽ നട്ട് കഴിഞ്ഞാൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ കായ ലഭിച്ച് തുടങ്ങും.
ഒരിക്കൽ നട്ട് കഴിഞ്ഞാൽ നാല് അഞ്ച് വർഷം മഴക്കാല ആരംഭത്തോടെ ഇതിന്റെ കിഴങ്ങിൽ നിന്നും തൈകൾ മുളക്കും എന്നുള്ളത് കൊണ്ട് കൂടി ആണ് ഒരു സുസ്ഥിര കൃഷിയായി ചതുരപ്പയറിനെ കണക്കാക്കുന്നത്.
മഴക്കാല ആരംഭത്തോടെ ജൈവ വളങ്ങൾ ചേർത്ത് തടം തയ്യാറാക്കി ഒരു തടത്തിൽ നാല് തൈകൾ വീതവും,ഗ്രോബാഗ് ആണെങ്കിൽ രണ്ട് തൈകളും നടാവുന്നതാണ്.
കീടബാധ വളരെ കുറവാണ് എന്നത് ചതുര പയറിന്റെ മറ്റൊരു പ്രത്യേകത ആണ്. യാതൊരു പരിചരണവും ഇല്ലെങ്കിലും എല്ലാ വർഷവും വിളവ് നൽകുന്നു. വളപ്രയോഗം നടത്തുന്നതിലൂടെ വിളവും വർദ്ധിപ്പിക്കാം. കൂടാതെ വിളവ് ഇവക്ക് പടരുവാൻ നൽകുന്ന സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു. നല്ലവണ്ണം പടരാൻ സൗകര്യം ഒരുക്കിയാൽ നല്ല വിളവും ലഭിക്കും.
പ്രോട്ടീൻ കൂടാതെ മറ്റ് മൂലകങ്ങളുടെയും ജീവകങ്ങളുടെയും ഉയർന്ന അളവിലുള്ള സാന്നിധ്യം , കുറഞ്ഞ പരിചരണം,ഒരിക്കൽ നട്ടാൽ തുടർന്നുള്ള എല്ലാ വർഷവും വർഷകാലത്തോടെ സ്വയം മുളച്ച് വിളവ് നൽകും എന്നീ പ്രത്യേകതകൾ ചതുര പയറിനെ അടുക്കളത്തോട്ടത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഇനം ആക്കി മാറ്റിയിരിക്കുന്നു.
No comments:
Post a Comment