Sunday, November 1, 2020

ചായ മൻസ

ചായ മൻസ 

Chaya/ Tree Spinach 

വിള പരിചയം 

സമൂഹ മാദ്ധ്യമങ്ങളുടെ വ്യാപനത്തോടെ വളരെയധികം പ്രചാരം ലഭിക്കുകയും അത് പോലെ തന്നെ വളരെയധികം വിവാദങ്ങൾ ഉണ്ടാകുകയും കുറെയേറെ ചർച്ച ചെയ്യപ്പെട്ടതുമായ ഒരു ഇലവർഗ്ഗ സസ്യമാണ് ചായമൻസ .

അമേരിക്കൻ ഭൂഖണ്ഡത്തിലെ പുരാതന മായൻ സംസ്കാരകാലഘട്ടംമുതൽ ഉപയോഗിച്ച് വരുന്നതായും, ആ കാലഘട്ടത്തിൽ അവരുടെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെ വളർത്തിയിരുന്ന ഒരു സസ്യമെന്നാണ് പല ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ളത് .

അതിന്റെ ഇലകളുടെ പ്രത്യേകതകൾ നോക്കാം:

ഉയർന്ന തോതിലുള്ള പൊട്ടാസ്യം,കാൽസ്യം,ഇരുമ്പ് എന്നീ മൂലകങ്ങളുടെ സാന്നിദ്ധ്യം .

വിറ്റമിൻ A, വിറ്റമിൻ സി എന്നിവയും യഥേഷ്ട്ടം അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഇലകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ   രക്ത ചങ്ക്രമണം  മെച്ചപ്പെടുത്തുവാനുള്ള കഴിവുള്ളതായും , കൊളെസ്ട്രോൾ നിയന്ത്രിക്കുവാനും, പ്രമേഹ രോഗികളിൽ ഗുണകരമായ ഫലം നൽകുവാനും, ഓർമ്മ ശക്തി വർദ്ധിപ്പിക്കുവാനുമുള്ള കഴിവ് എന്നിവയും  പ്രകടമായ ഗുണഫലങ്ങൾ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ പോഷക സമ്പന്നമായ ഇലകൾ വിവാദത്തിൽ അകപ്പെടാനുള്ള കാരണം ഈ ഇലകളിൽ ഹൈഡ്രോസയാനിക് ഗ്ലുക്കോസൈഡ് അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ പറയുന്നത് ഈ ഇലകളിൽ സയനൈഡ് അടങ്ങിയിരിക്കുന്നു, ഇത് ആരോഗ്യത്തിന് ഹാനികരം ആണ് എന്നാണ് .

അമേരിക്കൻ ഏജൻസി ആയ USAID ന്റെജൂലൈ 2013 ൽ പ്രസിദ്ധീകരിച്ച  Techanical Bulletin#92 ൽ പറയുന്നത് . ഇത്രയധികം പോഷകഗുണങ്ങൾ നിറഞ്ഞ ഇലകൾ തീർച്ചയായും ഭക്ഷണത്തിന്റെ ഭാഗമാക്കണം എന്നും , പക്ഷെ ഇതിന്റെ  ഇലകൾ വേവിച്ച് മാത്രമേ കഴിക്കാൻ പാടുള്ളു എന്നുമാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലുക്കോസൈഡ് ആവിയിൽനഷ്ടപ്പെടുന്നതാണ് എന്നും, അഞ്ചു മുതൽ ഇരുപത് മിനുട്ടുവരെ വേവിക്കുന്ന പക്ഷം ഈ ഇലകൾക്ക് യാതൊരു ദൂഷ്യവശവും ഇല്ല എന്നുമാണ്.

ഇരുപത് മിനുട്ടോളം തിളപ്പിച്ചാൽ ആ വെള്ളം കളയാതെ ഉപയോഗിക്കണം എന്നും  ഈ റിപ്പോർട്ട് പറയുന്നു. നമ്മുടെ നാട്ടിൽ വേവിക്കാതെ ഇലകൾ ഭക്ഷിക്കുന്നവർ വളരെ അപൂർവമാണ് എന്നതിനാൽ ഈ ഇലകൾ കൊണ്ടുള്ള ദോഷഫലങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

എന്നിരുന്നാലും  ഇതിന്റെ തളിരിലകൾ പാചകം ചെയ്യുന്നതാണ് അഭികാമ്യം.

കൃഷിരീതി:

മൂന്ന് മീറ്റർ വരെ ഉയരം വളരുന്ന ചായ മൻസ കമ്പ് നട്ട് പുതിയ തൈകൾ ഉണ്ടാക്കാം.

പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാത്ത ഈ സസ്യം വന്യമായി വളരുന്നു.

നല്ലൊരു വേലി കണക്കെ നട്ട് പിടിപ്പിക്കാൻ നല്ലതാണ്.

മൂത്ത ഇലകൾ കോഴിക്ക് കൊടുക്കാൻ പറ്റിയ ഉത്തമമായ ഒരു  തീറ്റ ആണ്. 





No comments:

Post a Comment