Saturday, July 21, 2018

ജൈവ വള നിർമ്മാണവും ഉപയോഗ രീതിയും.

പച്ചിലകൾ, കരിയില , ചാണകം ,വെണ്ണീർ എന്നിവ കൃഷിയിടത്തിലെ പ്രധാന ജൈവ വളങ്ങൾ ആണ് .
ദ്രാവക വളങ്ങളുടെ നിർമാണം ജൈവകൃഷിയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
ഒരു  ചെടിക്ക്  ആവശ്യമായ  വളങ്ങള്‍ പലപ്പോഴായി കൊടുക്കുന്നതാണ്  നല്ലത് .

1 .ചാണക വളം.


നമ്മൾ അടിവളം ആയി ഉണക്കചാണകം ചേര്ക്കാറുണ്ട് എന്നാൽ ചാണകം വെയിലിൽ ഇട്ട് ഉണക്കി ഉപയോഗിച്ചാൽ  ചാണകത്തിലെ ഉപകാരികളായ പല സൂക്ഷ്മ ജീവികളും  നശിച്ചുപോകാൻ സാധ്യത ഉണ്ട്.

പച്ചചാണകം ശേഖരിച്ച് വലിയ മരങ്ങളുടെ തണലിൽ  കൂട്ടിയിട്ട്  അതിനുമുകളിൽ ചണചാക്കോ  മറ്റോ പൊതിയുകയോ , പച്ച ചാണകം ചാക്കിൽ നിറച്ച് കെട്ടിവച്ചോ  അഴുകാൻ  അനുവദിക്കുകയോ ചെയ്യുക..

അങ്ങനെ അഴുകി പൊടിഞ്ഞ് കിട്ടുന്ന ചാണകത്തിന് ഗുണം കൂടുതലായിരിക്കും.

ചാണകമോ കടലപ്പിണ്ണാക്ക് വളമോ  മറ്റെന്തെങ്കിലും വളമോ  ഒഴിക്കുമ്പോൾ  നല്ലവണ്ണം നേര്പിച്ചേ ഒഴിക്കാവൂ  . 

അത് അടിയിൽ  ചെന്ന് കട്ടിയാകുമ്പോൾ  നീമവിര  വേരിന്റെ പുറത്തുള്ള മാംസളമായ ഭാഗം തിന്നുകയും .ചെടി മുരടിക്കാൻ ഇടയാക്കുകയും ചെയ്യും.

2 .മുരിങ്ങ ഇല സ്പ്രേ :


തൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് 

നന്നായി അരിച്ചു  കിട്ടുന്ന നീര്,  അതിന്റെ    ഇരുപത്തിയഞ്ചു  ഇരട്ടി വെള്ളവും ചേര്ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയുടെ ഇലകളിൽ     സ്പ്രേ ചെയ്തു കൊടുക്കുക,

ഇത്  വളർച്ചാ ത്വരകം ആയി പ്രവർത്തിക്കുകയും നന്നായി 

വിളവു കിട്ടുന്നതിനു സഹായകമാവുകയും ചെയ്യും. 

ഈ  ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്.

പ്രയോഗം മാസത്തിൽ  രണ്ടു തവണ ചെയ്താൽ  മുപ്പതു ശതമാനം വരെ 

വിളവു കൂടുതൽ ലഭിക്കുന്നതാണ്.

3.ചാണക/പിണ്ണാക്ക് / ദ്രാവക വളം 

1. പത്ത് കിലോ പച്ചച്ചാണകം 
2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്
3.ഒരു കിലോ വേപ്പിൻ ‍ പിണ്ണാക്ക് 
4.ഒരു കിലോ എല്ലു പൊടി
5 .പുളിച്ച കഞ്ഞിവെള്ളം ആവശ്യത്തിന് 
 ഇവ ചേര്ത്ത് വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക.
ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം.
 നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണംനാലാം ദിവസം വളം തയാർ .
ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക
ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്.
ചെടിയുടെ തണ്ടിനും വേരിനും നേരിട്ട് തട്ടുന്ന വിധം വളം ഒഴിക്കാതിരിക്കുക.
നല്ലവണ്ണം വെള്ളം ഒഴിച്ച് വളം ചെയ്യുക.

4.ഫിഷ് അമിനോ ആസിഡ് :
 ഇതുണ്ടാക്കാൻ ഒരു കിലോ മത്തിയും ഒരു കിലോ ശർക്കരയും ചേര്ത്ത് പാത്രത്തിൽ നന്നായി അടച്ച്  തണലിൽ സൂക്ഷിക്കുക
ഇടക്ക് തുറക്കരുത്
15 ദിവസം കഴിയുമ്പോൾ  വൈനിന്റെ മണമുള്ള ദ്രാവകം കാണാം
അരിച്ചെടുത്ത ശേഷം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മില്ലി ചേര്ത്ത് തളിക്കുക .
കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്
കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പംനിറം,മണം  എന്നിവയ്കും  സഹായിക്കും

5.പഞ്ച ഗവ്യം.
ജൈവ ഹോർമോൺ ആയും കീട പ്രതിരോധത്തിനും.
പച്ച ചാണകം  4 കിലോ 
ഗോമൂത്രം      5 ലിറ്റർ 
പാൽ          500 മില്ലി 
നെയ്യ്          250 ഗ്രാം
തൈര്         500 മില്ലി 
പാളയങ്കോടൻ പഴം 2 എണ്ണം 

പച്ച ചാണകവും നെയ്യും യോജിപ്പിച്ച് ഒരു ദിവസം വെക്കുക.
ഇതിലേക്ക് പാൽ ,ഗോമൂത്രം , തൈര് ,പഴം ചതച്ച്ത് എന്നിവ അല്പാല്പം ചേർത്ത് ഇളക്കുക.തണലിൽ ദിവസേന ഇളക്കുക.15 ദിവസത്തിനു ശേഷം പത്തിരട്ടി വെള്ളം ചേർത്ത് ആഴ്ചയിൽ ഒരുവട്ടം എന്ന തോതിൽ തളിക്കാം. 


No comments:

Post a Comment